കാണ്‍പുര്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറു വിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത് ലയണ്‍സ് ഐപിഎല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. കൊല്‍ക്കത്ത ഉയര്‍ത്തിയ 125 റണ്‍സ് പിന്തുടര്‍ന്ന ലയണ്‍സ് 39 പന്ത് ശേഷിക്കെ ലക്ഷ്യം കാണുകയായിരുന്നു. അര്‍ധസെഞ്ചുറി നേടി പുറത്താകാതെനിന്ന നായകന് സുരേഷ് റെയ്ന (53*) യുടെ ബാറ്റിംഗാണ് ഗുജറാത്ത് ജയം വേഗത്തിലാക്കിയത്.
ആദ്യം ബാറ്റുചെയ്ത കോല്‍ക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ 124 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. നാലോവറില്‍ എട്ടു റണ്‍സ് വഴങ്ങി നാലു വിക്കറ്റ് നേടിയ ഡ്വെയ്ന്‍ സ്മിത്തിന്റെ ബൗളിംഗാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. യൂസഫ് പത്താന് (36), റോബിന് ഉത്തപ്പ (25) എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും കോല്‍ക്കത്ത നിരയില്‍ പിടിച്ചുനില്ക്കാന് പോലും കഴിഞ്ഞില്ല.
ജയത്തോടെ ഗുജറാത്ത് ലയണ്‍സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. സ്കോര്‍: കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-124/8 (20 ഓവര്‍), ഗുജറാത്ത് ലയണ്‍സ്-125/4 (13.3 ഓവര്‍).
Discussion about this post