ബംഗളൂരു: ഒമ്പതാം ഐ.പി.എല്‍. സീസണില്‍ ഫൈനലിലെത്തുന്ന ആദ്യ ടീമിനെ ഇന്ന് അറിയാം. ആതിഥേയരായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും ഈ സീസണില്‍ ആദ്യമായി രംഗപ്രവേശം ചെയ്ത ഗുജറാത്ത് ലയണ്‍സും ഒന്നാംസെമി എന്ന് വിശേഷിപ്പിക്കുന്ന ഒന്നാം ക്വാളിഫയറില്‍ മാറ്റുരയ്ക്കും. പോയന്റു പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന ടീമുകളാണ് ഒന്നാം ക്വാളിഫയറില്‍ ഏറ്റുമുട്ടുന്നത്.
ഇതില്‍ ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലെത്തും. തോല്‍ക്കുന്ന ടീം ടൂര്‍ണമെന്റില്‍നിന്ന് പുറത്താകില്ല. അവര്‍ക്ക് രണ്ടാം ക്വാളിഫയര്‍ എന്ന രണ്ടാം സെമിഫൈനലില്‍ മാറ്റുരയ്ക്കാന്‍ അവസരമുണ്ട്. മൂന്നും നാലും സ്ഥാനക്കാര്‍ തമ്മിലുള്ള ‘എലിമിനേറ്റര്‍’ പോരാട്ടത്തിലെ വിജയിയെ ആയിരിക്കും ഇവര്‍ സെമിയില്‍ എതിരിടുക.
ഈ സീസണില്‍ ഏറ്റവുമധികം വിജയം നേടിയ ടീമാണ് കന്നിക്കാരായ ഗുജറാത്ത്. 14 കളികളില്‍ ഒമ്പതെണ്ണം ജയിച്ച് 18 പോയന്റുമായി അവര്‍ പോയന്റു പട്ടികയില്‍ ഒന്നാമതെത്തി. രണ്ടാം സ്ഥാനത്തെത്തിയ ബാംഗ്ലൂര്‍ എട്ടുകളികള്‍ ജയിച്ചു. മൂന്നും നാലും സ്ഥാനത്തെത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനും എട്ടു വിജയമുണ്ടെങ്കിലും മികച്ച റണ്‍ശരാശരിയില്‍ ബാംഗ്ലൂര്‍ രണ്ടാമന്മാരായി. കൊഹ്ലിയുടെ ബാറ്റിംഗ് മികവില്‍ പ്ലേഗ് ഓഫിലേക്ക് കുതിച്ച ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഏറെ ആത്മവിശ്വാസത്തിലാണ്. വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കാതെയാണ് റെയ്‌ന നയിക്കുന്ന ഗുജറാത്ത് ലയണ്‍സ് കളത്തിലിറങ്ങുന്നത്.
Discussion about this post