ബിജിംഗ്: കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ചൈനയില്‍ സ്കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയ ബൈബിള്‍ കഥ ദിവസങ്ങള്‍ക്കുള്ളില്‍ പിന്‍വലിച്ചു. പുസ്തകങ്ങള്‍ തയ്യാറാക്കുന്ന ബീജിംഗ് അക്കാദമി ഒഫ് എഡ്യൂക്കേഷണല്‍ സയന്സിന്റേ(ബിഎഇഎസ്)താണ് വിവാദ നടപടി.
പാശ്ചാത്യ മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന വിമര്‍ശനങ്ങളെത്തുടര്‍ന്നാണ് പാഠഭാഗം പിന്‍വലിച്ചതെന്നാണ് വിശദീകരണം. പുസ്തകത്തില്‍ കഥയുടെ ഭാഗം ഒഴിവാക്കിയിട്ടുണ്ടെന്നും അടുത്ത സെമസ്റ്റര്‍ മുതല്‍ പരിഷ്കരിച്ച പതിപ്പ് ഉപയോഗിക്കുമെന്നും ബിഎഇഎസ് വ്യകതമാക്കി.ചൈനയില്‍ ഭരണപക്ഷമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ചൈന നിരീശ്വരവാദം പിന്തുടരുന്നവരാണ്. സാധാരണയായി മതങ്ങളില്‍ വിശ്വസിക്കാന്‍ അനുവാദം ഉണ്ടെങ്കിലും തങ്ങളുടെ പ്രവര്‍ത്തകര്‍ ഏതെങ്കിലും മതവിശ്വാസത്തില്‍ ഉള്‍പ്പെടുന്നതിനെ പാര്‍ട്ടി ശക്തമായി നിരുത്സാഹപ്പെടുത്തുന്നുണ്ട്.
നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഈയടുത്ത പതിറ്റാണ്ടുകളായി രാജ്യത്ത് ക്രൈസ്തവ വിശ്വാസം ആഴത്തില്‍ പടരുന്നുണ്ട്. ബുദ്ധമതവും രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെങ്കിലും ക്രൈസ്തവ വിശ്വാസം വേഗത്തില്‍ പ്രചരിക്കുകയാണ്. രാജ്യത്ത് 65 മില്യണില്‍ കൂടുതല്‍ ക്രൈസ്തവ വിശ്വാസികളും, 21 മില്യണില്‍ കൂടുതല്‍ മുസ്ലിം മതവിശ്വാസികളുമുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
Discussion about this post