കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് അഞ്ജു ബോബി ജോര്‍ജ്ജ് രാജിവച്ചു. രാജിക്കത്തില്‍ അവര്‍ ഒപ്പ് വച്ചു. ഭരണസമിതിയിലെ 12 അംഗങ്ങളും രാജിവച്ചിട്ടുണ്ട്. അഞ്ജു ബോബി ജോര്‍ജ്ജ് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് മെഡലുകള്‍ നേടിയ കായികതാരമാണ് തന്റെ സഹോദരന്.പരിശീലക സ്ഥാനത്തിന് യോഗ്യനാണ്. ഇപ്പോള്‍ ഇത്തരം വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അജിത് മാര്‍ക്കോസ് രാജിവെക്കുകയാണെന്നും അഞ്ജു പറഞ്ഞു.
സ്പോര്‍ട്സ് മതത്തിനും പാര്‍ട്ടിക്കും അതീതമാണെന്നാണ് കരുതിയത്. സ്പോര്‍ട്സിനെ നിങ്ങള്‍ക്ക് തോല്പിക്കാം. പക്ഷേ കൊല്ലാനാവില്ലെന്ന് അഞ്ജു പറഞ്ഞു. സ്പോര്‍ട്സ് കൗണ്‍സിലിലെ പല ഫയലുകളിലും ക്രമക്കേട് കണ്ടെത്തിയിരുന്നു. അഴിമതികള്‍ മാധ്യമങ്ങളും ജനങ്ങളും ചേര്‍ന്ന് പുറത്ത് കൊണ്ടുവരണം.ദേശീയ സ്ക്കൂള് കായിക മേള കേരളത്തില്‍ നടത്താനായത് നേട്ടമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അഞ്ജു പറഞ്ഞു. തന്റെ മെയില്‍ വരെ ചോര്‍ത്തി.ഇത് മനസ്സിലാക്കിയപ്പോള്‍ പരാതി നല്കി.
കായികകേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് സ്പോര്‍ട്സ് ലോട്ടറിയെന്നും അഞ്ജു പറഞ്ഞു. പത്ത് വര്‍ഷത്തെ കൗണ്‍സിലിലെ ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും അഞ്ജു ആവശ്യപ്പെട്ടു. എത്തിക്സ് കമ്മറ്റി രൂപീകരിച്ച് അഴിമതി നടത്തിയതാണ് ചിലര്‍ തനിക്കെതിരെ തിരിഞ്ഞതെന്ന ആരോപണവും അഞ്ജു ഉയര്‍ത്തി.
തനിക്കെതിരായ ആരോപണങ്ങള്‍ അപ്രതീക്ഷിതമാണെന്ന് അഞ്ജു ഒരു ദൃശ്യമാധ്യമത്തോട് പറഞ്ഞിരുന്നു. തന്നെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റണമെങ്കില്‍ അത് മാന്യമായ രീതിയില്‍ ആകാമെന്നും,ഞങ്ങള്‍ക്ക് പകരം വേറെ ആളുകളെ കൊണ്ടുവരുന്നതില്‍ സന്തോഷമേ ഉള്ളെന്നും മാറാന്‍ തങ്ങള്‍ തയ്യാറാണെന്നും അഞ്ജു പറഞ്ഞിരുന്നു.
കായിക മന്ത്രി ഇ.പി ജയരാജന് തന്നോട് മോശമായി പെരുമാറിയെന്ന് അഞ്ജു ബോബി ജോര്‍ജിന്റെ ആരോപണം ചര്‍ച്ചയായിരുന്നു. അഞ്ജു അടക്കം സ്പോര്‍ട്സ് കൗണ്‍സിലില്‍ മുഴുവന്‍ അഴിമതിക്കാരും പാര്‍ട്ടി വിരുദ്ധരുമാണെന്ന് കായിക മന്ത്രി പറഞ്ഞതായായിരുന്നു അഞ്ജുവിന്റെ ആരോപണം. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് മന്ത്രി ഇ.പി ജയരാജന് പിന്നീട് പറഞ്ഞിരുന്നു.
ഒരിക്കലും സ്ഥാനങ്ങള്‍ക്കോ അവാര്‍ഡിന് വേണ്ടിയോ ഞങ്ങള്‍ പോയിട്ടില്ലെന്നും പുതിയ ഭരണത്തില്‍ ഞങ്ങളുടെ സേവനം വേണ്ട എങ്കില്‍ അത് തുറന്ന് പറയാമെന്നും മാധ്യമങ്ങളോട് നേരത്തെ അഞ്ജു ബോബി ജോര്‍ജ് വ്യക്തമാക്കി.
Discussion about this post