ഡല്‍ഹി: വരുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 117 സീറ്റില്‍ 100 എണ്ണവും ആം ആദ്മിപാര്‍ട്ടി തൂത്തുവാരുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. പഞ്ചാബില്‍ നടത്തിയ നിരവധി പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് താനിത് പറയുന്നതെന്നും കെജ്രിവാള് കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പഞ്ചാബിലെത്തിയതായിരുന്നു കേജ്രിവാള്.
തന്റെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ വിശുദ്ധ ഗ്രന്ഥങ്ങളായ ഖുറാനെയും ഗുരു ഗ്രന്ഥ് സാഹിബിനെയും അവഹേളിച്ചതിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്ന് തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ അദ്ദേഹം അറിയിച്ചു. പഞ്ചാബിലെ മയക്കുമരുന്ന് പ്രശ്നം ഒരു മാസത്തിനകം പരിഹരിക്കാന്‍ തനിക്കാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതുവരെയുള്ള ഭരണാധികാരികള്‍ പഞ്ചാബിനെ കൊള്ളയടിയ്ക്കുകയായിരുന്നുവെന്നും ആം ആദ്മി ഭരണത്തിലെത്തിയാല്‍ ഇവരെ അഴിക്കുള്ളിലാക്കുമെന്നും കേജ്രിവാള് വ്യക്തമാക്കി.
രണ്ടാംതവണ പഞ്ചാബ് സന്ദര്‍ശിക്കുന്ന കെജ്രിവാള് ഈ വര്‍ഷമാദ്യം ഫെബ്രുവരിയിലും അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിന് ഇവിടെയെത്തിയിരുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന പഞ്ചാബിലെ തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം കാഴ്ച്ചവെക്കാനിരിക്കുന്ന ആം ആദ്മി പാര്‍ട്ടിയ്ക്ക് അധികാരത്തിലിരിക്കുന്ന അകാലിദള്‍ ബി.ജെ.പി സഖ്യവും പ്രതിപക്ഷമായ കോണ്‍ഗ്രസും ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
അതേസമയം ഖുറാനെ അധിക്ഷേപിച്ചെന്ന പേരില്‍ പൊലീസ് കേസെടുത്ത ആം ആദ്മി എം.എം.എല്ക്കെതിരെയുള്ള കുറ്റങ്ങള്‍ കെട്ടിച്ചമച്ചതാണെന്നമാണ് പാര്‍ട്ടി ആരോപണം. പ്രതിപക്ഷം ആം ആദ്മി നേതാക്കളെ വ്യാജ കേസുകളില്‍ ഉള്‍പ്പെടുത്തുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.
Discussion about this post