കൊച്ചി: അബ്ദുള്‍ നാസര്‍ മദനിയുടെ കേരള യാത്ര വൈകുന്നതില്‍ പ്രതിഷേധിച്ച് പിഡിപി പ്രവര്‍ത്തകര്‍ നെടുമ്പാശേരി വിമാനത്താവളം ആക്രമിച്ചു. ആക്രമണത്തില്‍ ഇന്‍ഡിഗോ വിമാനക്കമ്പനി ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നു.
ഇന്‍ഡിഗോ വിമാന അധികൃതര്‍ തന്നെ മദനിക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതിനാല്‍ പിഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചു. ഇന്ന് രാത്രി 8.20-നു മദനി കേരളത്തിലെത്തും.
ഉച്ചയ്ക്ക്12.45നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ നെടുമ്പാശേരിയില്‍ മദനി എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ വിചാരണത്തടവുകാരനായതിനാല്‍ കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ അനുമതി വിമാനയാത്രയ്ക്ക് വേണമായിരുന്നു. ഇത് ലഭിക്കാത്തതിനാല്‍ മദനിയുടെ യാത്ര തടസപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ചാണ് പിഡിപി പ്രവര്‍ത്തകര്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിലെത്തി ആക്രമണം അഴിച്ചു വിട്ടത്.
പോലീസ് ശക്തമായി തിരിച്ചടിച്ചതോടെയാണ് പിഡിപി പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. മദനിയോടൊപ്പം ഭാര്യ സൂഫിയ, പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് രജീബ്, സഹായികള്‍ എന്നിവരുമുണ്ട്. എട്ട് ദിവസത്തെ ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് മദനി കേരളത്തിലേക്ക് തിരിച്ചത്. ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ബോര്‍ഡിംഗ് പാസ് ലഭിച്ചതിന് ശേഷമാണ് വിമാനത്തില്‍ കയറുന്നതില്‍ നിന്ന് മദനിയെ വിലക്കിയത്.
Discussion about this post