സാവോപോളോ : ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ ശനിയാഴ്ച വീണ്ടും വിവാഹിതനായി. പെലെയുടെ മൂന്നാമത്തെ വിവാഹമാണിത്. ആറ് വര്‍ഷത്തോളമായി തന്റെ കാമുകിയായി കഴിയുന്ന മാര്‍സിയ സിബെലെ അവോക്കിയെയാണ് പെലെ തന്റെ 75ാം വയസില്‍ വിവാഹം ചെയ്തത്.
50കാരിയായ അവോക്കി ബിസിനസുകാരിയാണ്. 2010 ലാണ് പെലെയും അവോക്കിയും ആദ്യമായി കാണുന്നത്. 2012 മുതല്‍ പൊതുപരിപാടികളില്‍ പെലെയോടൊപ്പം അവോക്കിയെയും കാണാമായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലായി ആവര്‍ത്തിച്ചുള്ള പെലെയുടെ ആശുപത്രി സന്ദര്‍ശന സമയത്തും അവോക്കി പെലെയുടെ കൂടെയുണ്ടായിരുന്നു.
എഡ്‌സണ്‍ അരാഞ്ചസ് ഡോ നാസിമെന്റോ എന്ന പെലെ ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമായാണ് വാഴ്ത്തപ്പെടുന്നത്. 1363 കളികളിലായി 1281 ഗോളുകളാണ് പെലെയുടെ സമ്പാദ്യം. 1957 മുതല്‍ 1971 വരെയുള്ള വര്‍ഷങ്ങളില്‍ 91 തവണ ബ്രസീല്‍ കുപ്പായമണിഞ്ഞ പെലെ മൂന്ന് തവണ ബ്രസീലിന് ലോകകപ്പ് നേടി കൊടുക്കുകയും ചെയ്തു. ബ്രസീല്‍ ക്‌ളബായ എഫ്.സി.സാന്റോസ്, ന്യൂയോര്‍ക്ക് കോസ്‌മോസ് എന്നീ ക്‌ളബുകള്‍ക്കു വേണ്ടിയും പെലെ കളിച്ചിട്ടുണ്ട്.
Discussion about this post