ഡല്‍ഹി: റിയോ ഒളിംമ്പിക്സില്‍ ഇന്ത്യയെ നയിക്കാന്‍ ഹോക്കി ടീം നായകനും മലയാളി ഗോള്‍ കീപ്പറുമായ പിആര്‍ ശ്രീജേഷ്. റിയോ ഒളിമ്പിക്സില്‍ ഹോക്കി ടീമിനെ നയിക്കുന്ന ആദ്യ മലയാളിതാരമാണ് ശ്രീജേഷ്. ശ്രീജേഷാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ നയിച്ചത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ വെള്ളി നേടാനായതാണ് തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായത്. സര്‍ദ്ദാര്‍ സിങ്ങിനെ മറികടന്നാണ് ശ്രീജേഷ് നായകനാകുന്നത്. ബ്രസീല്‍ വേദിയാവുന്ന റിയോ ഒളിമ്പിക്സിനുള്ള ദേശീയ ടീം നായകനായാണ് എറണാകുളം കിഴക്കമ്പലം സ്വദേശിയായ ശ്രീജേഷിനെ നിയമിച്ചത്.
റിയോ ഒളിമ്പിക്സിന്റെ സന്നാഹ പോരാട്ടം കൂടിയായ ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു. 2006-ല്‍ ദേശീയ അരങ്ങേറ്റം കുറിച്ച ശ്രീജേഷിന്റെ മികവിലായിരുന്നു 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞത്. ഒരിടവേളക്കു ശേഷം ഇന്ത്യക്ക് ഒളിമ്പിക്സ് യോഗ്യത നല്‍കുന്നതിലും മലയാളി ഗോള്‍കീപ്പര്‍ നിര്‍ണായക സാന്നിധ്യമായിരുന്നു. സീസണിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ഹോക്കി താരത്തിനുള്ള ‘ധ്രുവബത്ര’ പുരസ്കാര നേട്ടത്തിനു പിന്നാലെയാണ് ദേശീയ ടീം നായകത്വവും ഇപ്പോള്‍ ഒളിംമ്പിക്സില്‍ ഇന്ത്യയുടെ നേതൃസ്ഥാനവും ശ്രീജേഷിന്റെ കൈകളില്‍ എത്തുന്നത്.
Discussion about this post