ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ സന്ദര്‍ശനം ഇന്ത്യയില്‍ സന്ദര്‍ശനം നടത്താനിരിക്കുന്ന യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സുരക്ഷിതത്വത്തിനായി 15,000 സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ച സര്‍ക്കാറിന് രാജ്യത്തെ പൗരന്‍മാരുടെ സുരക്ഷയുടെ കാര്യത്തില്‍ താല്‍പര്യമില്ലാത്തതെന്താണെന്ന് ഡല്‍ഹി ഹൈക്കോടതി. ഒബാമയുടെ സന്ദര്‍ശനം കഴിഞ്ഞും ഡല്‍ഹി നഗരത്തിലെ സുരക്ഷ മാനിച്ച് ക്യാമറകള്‍ എടുത്തുമാറ്റരുതെന്നാവശ്യപ്പെട്ട് അമിക്കസ് ക്യൂറി മീരാ ഭാട്ടിയ നല്‍കിയ അപേക്ഷയിലാണ് കോടതിയുടെ നിരീക്ഷണം.
വിദേശത്തുള്ള ഭരണാധികാരികള്‍ രാജ്യത്തേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ പെട്ടെന്ന് നടക്കുന്നു. എന്നാല്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക് ഇതുപോലെ കാര്യങ്ങള്‍ ചെയ്തുകിട്ടുന്നില്ല. കോടതി ഉത്തരവിട്ടാല്‍ പോലും പോലും മാസങ്ങളും വര്‍ഷങ്ങളുമെടുത്താണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
ക്യാമറ എടുത്തുമാറ്റുമോ എന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍, ഡല്‍ഹി ഭരണകൂടം, സിറ്റി പൊലീസ് എന്നിവരോട് കോടതി വിശദീകരണം ആരാഞ്ഞു. ജനുവരി 30നകം മറുപടി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. നിര്‍ഭയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ക്രമസമാധാന സാഹചര്യം കണക്കിലെടുത്ത് ക്യാമറകള്‍ മാറ്റിസ്ഥാപിക്കരുതെന്ന് അമികസ് ക്യൂറിയുടെ അപേക്ഷയില്‍ പറയുന്നുണ്ട് . നേരത്തെ ഡല്‍ഹിയിലെ പ്രധാന സ്ഥലങ്ങളില്‍ സി.സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ഹൈകോടതി നല്‍കിയ നിര്‍ദേശവും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാണിച്ചു.
Discussion about this post