കൊച്ചി: പ്രഥമ സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗിന് എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. രാവിലെ 9.30ന് സൂപ്പര്‍ താരം മമ്മൂട്ടി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. മലയാളത്തില്‍ നിന്ന് അമ്മ കേരള റോയല്‍സ് ഉള്‍പ്പെടെ തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെ നാല് ടീമുകളാണ് ബാഡ്മിന്റണ്‍ ലീഗില്‍ ഏറ്റുമുട്ടുന്നത്.
പ്രവേശനം സൗജന്യമാണെങ്കിലും പാസുകളിലൂടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 8.30 മുതല്‍ കാണികള്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.
ഷൂട്ടിംഗ് തിരക്കുകള്‍ മാറ്റിവെച്ച് ബാഡ്മിന്റണ്‍ ലീഗിന്റെ ഉദ്ഘാടനം ചെയ്യാനെത്തിയ മമ്മൂട്ടി കായിക താരങ്ങളെ പരിചയപ്പെട്ട് ആശംസകള്‍ നേര്‍ന്നാണ് അദ്ദേഹം മടങ്ങിയത്.
കേരളത്തില്‍ നിന്ന് അമ്മ കേരള റോയല്‍സ്, തമിഴ് സിനിമയില്‍നിന്ന് ചെന്നൈ റോക്കേഴ്സ്, കന്നട സിനിമ മേഖലയെ പ്രതിനിധീകരിച്ച് കര്‍ണാടക ആല്‍പ്സ്, തെലുങ്കില്‍ നിന്നു ടോളിവുഡ് തണ്ടേഴ്സ് എന്നീ ടീമുകളാണു ലീഗില്‍ പങ്കെടുക്കുന്നത്. ഓരോ ടീമിനും ആറു മത്സരങ്ങളാണ് ഉള്ളത്. മൂന്നു പുരുഷ ഡബിള്‍സ്, ഒരു വനിത ഡബിള്‍സ്, ഒരു മിക്സഡ് ഡബിള്‍സ് എന്നിങ്ങനെയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കൊച്ചിക്കുശേഷം ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ലീഗ് മല്‍സരങ്ങളും നവംബര്‍ 12ന് മലേഷ്യയില്‍ ഫൈനലും നടക്കും. ചെന്നൈ ആസ്ഥാനമായുള്ള രഞ്ജിത്ത് കരുണാകരന്റെ ഉടമസ്ഥതയിലുള്ള കേരള റോയല്‍സ് കമ്പനിയാണ് കേരള ടീമിന്റെ ഉടമസ്ഥര്‍. ജയറാമാണ് അമ്മ കേരള റോയല്‍സിന്റെ നായകന്.
ജയറാം (ക്യാപ്ടന്) കുഞ്ചാക്കോ ബോബന് (ടീം ഐക്കണ്‍താരം), നരേന് (വൈസ് ക്യാപ്ടന് ), ബൈജു, സൈജു കുറുപ്പ്, അര്ജുന് നന്ദകുമാര്‍, ശേഖര്‍ മേനോന്, റോണി, രാജീവ് പിള്ള, പാര്‍വതി നമ്പ്യാര്‍, രഞ്ജിനി ഹരിദാസ്, റോസിന് ജോളി. ജോയ് ടി എന്നിവരാണ് അമ്മ കേരള റോയല്‍സ് ടീം അംഗങ്ങള്‍. ആന്റണിയാണ് പരിശീലകന്. നടി മംമ്ത മോഹന്‍ദാസാണ് ടീം ബ്രാന്‍ഡ് അംബാസഡര്‍. ഇടവേള ബാബു മാനേജറുമാണ്.
Discussion about this post