ടെല്‍ അവീവ്: ഇസ്രയേല്‍ മുന്‍ പ്രസിഡന്റും സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവുമായ ഷിമോണ്‍ പെരസ്(93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം.
ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും ജനകീയനായ നേതാക്കളില്‍ ഒരാളായിരുന്നു പെരസ്. 66 വര്‍ഷത്തെ രാഷ് ട്രീയജീവിതത്തിനിടയില് 12 കാബിനറ്റുകളില്‍ അദ്ദേഹം അംഗമായിരുന്നു. രണ്ട് തവണ പ്രധാനമന്ത്രിയായും ഒരു തവണ പ്രസിഡന്റായും പെരസ് പ്രവര്‍ത്തിച്ചു. 2007 മുതല്‍ 2014 വരെയാണ് അദ്ദേഹം പ്രസിഡന്റ് പദം അലങ്കരിച്ചത്.
ചരിത്രപ്രസിദ്ധമായ ഓസ് ലോ സമാധാന ഉടമ്പടിയാണ് 1994-ല്‍ അദ്ദേഹത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അര്‍ഹനാക്കിയത്. ഓസ് ലോ സമാധാന ഉടമ്പടിക്ക് പിന്നിലെ ചാലകശക്തികളില്‍ ഒരാളായിരുന്നു അന്ന് വിദേശകാര്യമന്ത്രിയായിരുന്ന ഷിമോണ്‍ പെരസ്. അന്നത്തെ പ്രധാനമന്ത്രി യിസാക്ക് റബിന്, പലസ്തീന് നേതാവ് യാസര്‍ അരാഫത്ത് എന്നിവര്‍ക്കൊപ്പം ഷിമോണ്‍ പെരസ് നൊബേല്‍ സമ്മാനം പങ്കിടുകയായിരുന്നു.
2007-ല്‍ രാജ്യത്തിന്റെ പ്രസിഡന്റായി പെരസ് ചുമതലയേല്‍ക്കുമ്പോള്‍ ആ പദവിയിലെത്തുന്ന ആദ്യത്തെ മുന്‍ പ്രധാനമന്ത്രി കൂടിയായിരുന്നു അദ്ദേഹം. 1923-ല്‍ പോളണ്ടിലാണ് പെരസ് ജനിച്ചത്.
Discussion about this post