മോസ്കോ: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് ശേഷം പാകിസ്ഥാന് ശക്തമായ സന്ദേശവുമായി റഷ്യ രംഗത്തെത്തി. തീവ്രവാദം അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ പാകിസ്ഥാന് സ്വീകരിക്കണമെന്നും, പാകിസ്ഥാന് പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദത്തിനെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടങ്ങളെ പിന്തുണക്കുന്നതായും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യന്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ കൂടിയാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യക്കും പാകിസ്ഥാനുമിടയിലെ നിയന്ത്രണ രേഖയില്‍ നടക്കുന്ന കാര്യങ്ങള്‍ റഷ്യ നിരീക്ഷിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വിഷയം രമ്യമായി പരിഹരിക്കണമെന്നാണ് റഷ്യ ആവശ്യപ്പെടുന്നത്. ഇരുരാജ്യങ്ങളും ഒരിക്കലും നിയന്ത്രണം കൈവെടിയരുത്.
തീവ്രവാദത്തിനെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടങ്ങള്‍ക്ക്, റഷ്യ പിന്തുണയറിയിക്കുന്നു. സ്വന്തം രാജ്യത്ത് നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ അവിടുത്തെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും റഷ്യന്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ഉറി ആക്രമണത്തിന് ശേഷം പാക് അധീന കാശ്മീരില്‍ പാകിസ്ഥാനും റഷ്യയും സംയുക്തമായി സൈനിക അഭ്യാസം നടത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് റഷ്യ തന്നെ ഇത് നിഷേധിച്ച് രംഗത്തെത്തി. പാകിസ്ഥാനില്‍ സൈനിക അഭ്യാസം നടത്തുമെങ്കിലും അത് പാക് അധീന കാശ്മീരിലായിരിക്കില്ലെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെ കാലങ്ങളായി ഇന്ത്യയുമായി സൗഹൃദത്തിലായിരുന്ന റഷ്യ പാക് പാളയത്തിലേക്ക് പോയേക്കുമെന്നും ആശങ്കയുണ്ടായിരുന്നു.
Discussion about this post