ന്യൂയോര്‍ക്ക്: ഇന്ത്യയുടെ മിന്നല്‍ ആക്രമണവും കശ്മീര്‍ പ്രശ്നവും ഐക്യരാഷ്ട്രാവേദിയില്‍ അവതരിപ്പിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമം പരാജയപ്പെട്ടു. ഇന്നലെ യുഎന്‍ രക്ഷാസമിതി യോഗം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നത്തെക്കുറിച്ചു ചര്‍ച്ച ചെയ്തില്ല. ഈ മാസം രക്ഷാസമിതിയുടെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന റഷ്യന്‍ പ്രതിനിധി സമിതി യോഗത്തിനുശേഷം ഇതു സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിച്ച രീതിയും പാക്കിസ്ഥാനെ തീര്‍ത്തും അവഗണിക്കുന്ന നിലയിലായിരുന്നു.
കഴിഞ്ഞ ആഴ്ചയിലാണു പാക്കിസ്ഥാന് ഇന്ത്യയുടെ മിന്നല്‍ ആക്രമണം, കശ്മീര്‍ പ്രശ്നം എന്നിവയുമായി രക്ഷാസമിതിയെ സമീപിച്ചത്. എന്നാല്‍, സമിതി യോഗത്തില്‍ ആരും ഇക്കാര്യം ഉന്നയിച്ചില്ല. തുടര്‍ന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ നേരിട്ട യുഎന്നിലെ റഷ്യന്‍ അംബാസഡര്‍ വിറ്റലി ചുര്ക്കിന് ഇന്ത്യയുടെ മിന്നല്‍ ആക്രമണവും കശ്മീര്‍ പ്രശ്നവും സംബന്ധിച്ച ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി. ‘ഞാന്‍ അക്കാര്യങ്ങളിലേക്കു പോകാന്‍ ആഗ്രഹിക്കുന്നില്ല.
രക്ഷാസമിതി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നില്ല എന്നുമാത്രം പറയാമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. നേരത്തേ പൊതുസഭയില്‍ സംസാരിക്കവെ ‘പാക്കിസ്ഥാന് കശ്മീര്‍ സ്വപ്നം ഉപേക്ഷിക്കുകയാണു നല്ലത്’ എന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടു യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ ഉപവക്താവ് ഫര്ഹാന് ഹഖും പ്രതികരിച്ചില്ല. കശ്മീര്‍ പ്രശ്നം സംബന്ധിച്ചു നേരത്തേ യുഎന്‍ പ്രസ്താവന ഇറക്കിയിട്ടുണ്ടെന്നും അതില്‍ കവിഞ്ഞൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post