അക്ര: ഗാന്ധി ‘വംശീയവാദി’യാണെന്ന വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് ഘാന സര്‍വകലാശാലയില്‍ ഇന്ത്യ സ്ഥാപിച്ച ഗാന്ധി പ്രതിമ പൊളിച്ചുനീക്കാന്‍ തീരുമാനമായി. ഗാന്ധി വംശീയ വാദിയാണെന്നും സര്‍വകലാശാലയില്‍ സ്ഥാപിച്ച പ്രതിമ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് തീരുമാനം.
ഘാനയിലെ ഇന്ത്യന്‍ എംബസി സമ്മാനിച്ച ഗാന്ധി പ്രതിമ, രാഷ്ട്രപതി പ്രണബ് മുഖര്‍ജി തന്റെ ഘാന സന്ദര്‍ശന വേളയില്‍ കഴിഞ്ഞ ജൂണിലാണ് അനാവരണം ചെയ്തിരുന്നത്.
സെപ്തംബറില്‍ ഒരുകൂട്ടം അധ്യാപകര്‍ പ്രതിമ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയാണ് പ്രതിഷേധത്തിന്റെ തുടക്കം. ഗാന്ധി വംശീയ വാദിയാണെന്നും സര്‍വകലാശാല അധികൃതര്‍ ആഫ്രിക്കന്‍ നായകരുടെ പ്രതിമ സ്ഥാപിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. തൊട്ടുപിന്നാലെ കൂടുതല്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍ അണിചേര്‍ന്നു. പ്രതിമ നീക്കം ചെയ്യണമെങ്കില്‍ സര്‍വകലാശാലയിലെ 800 പേരുടെ പിന്തുണവേണമെന്ന് അധികൃതര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഒപ്പുശേഖരണം ആരംഭിച്ചിരുന്നു. ഇതിനകം ആയിരത്തിലധികം പേര് ഒപ്പുശേഖരണത്തില്‍ പങ്കാളികളായതിനെ തുടര്‍ന്ന് ആവശ്യം പരിഗണിക്കാമെന്ന് സര്‍വകലാശാല കൗണ്‍സില്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിമ നീക്കം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയിലായിരിക്കെ കറുത്ത വര്‍ഗക്കാരോട് വംശീയമായ സമീപനമായിരുന്നു ഗാന്ധിജിക്കെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. ഗാന്ധിജിയുടെ തന്നെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന് ആഫ്രിക്കന്‍ വംശജരോടുള്ള സമീപനം പ്രതിഷേധക്കാര്‍ ചോദ്യം ചെയ്തത്. ആഫ്രിക്കക്കാരെ കാഫിര്‍ എന്നാണ് തന്റെ കത്തില്‍ ഗാന്ധിജി വിശേഷിപ്പിച്ചതെന്നും ഇവര്‍ പറയുന്നു. 1893-ല്‍ നതാല്‍ പാര്‍ലമെന്റിന് അയച്ച കത്തില്‍ കറുത്ത വര്‍ഗക്കാരുമായി ഇന്ത്യക്കാരെ ഗാന്ധിജി താരതമ്യപ്പെടുത്തുന്ന വരികളും വിദ്യാര്‍ത്ഥികള്‍ എടുത്തുപറയുന്നുണ്ട്. ഇന്ത്യക്കാര്‍ ആഫ്രിക്കക്കാരെകാള് മുകളിലാണെന്ന് പൊതുധാരണയെങ്കിലും അവരെ കാഫിറുകളുടെ നിലവാരത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും കത്തില്‍ ഗാന്ധിജി കുറ്റപ്പെടുത്തുന്നുണ്ട്.
GandhiMustComeDown എന്ന ഹാഷ്ടാഗില് പ്രതിമ നീക്കണമെന്ന് ആവശ്യപ്പെട്ട് നവമാധ്യമങ്ങളിലും വിദ്യാര്‍ത്ഥികള്‍ പ്രചരണം നടത്തിയിരുന്നു.
പ്രതിമയെ ചൊല്ലിയുള്ള വിവാദങ്ങളില്‍ ഉത്കണ്ഠയുണ്ടെന്നും പ്രതിമ മറ്റൊരിടത്തേയ്ക്ക് സ്ഥാപിക്കാന്‍ ശ്രമിക്കുമെന്നുമായിരുന്നു ഘാന വിദേശകാര്യമന്ത്രാലയം നേരത്തെ പ്രതികരിച്ചിരുന്നത്. വിവാദങ്ങള്‍ ഒഴിവാക്കാനും സുരക്ഷ ഉറപ്പുവരുത്താനും ഗാന്ധി പ്രതിമ സര്‍വകലാശാലയില്‍ നിന്നും നീക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ഇതുപറയുമ്പോള്‍ തന്നെ ഗാന്ധിയും ഒരു മനുഷ്യനായിരുന്നുവെന്ന് എല്ലാവരും ഓര്‍ക്കണം. അദ്ദേഹത്തിനും തെറ്റുകള്‍ പറ്റിയിട്ടുണ്ടാകാം. മനുഷ്യന് എങ്ങനെയാണ് പരിണമിച്ചതെന്ന് എല്ലാവരും ഓര്‍ക്കണമെന്നും ഘാന വിദേശ കാര്യ മന്ത്രാലയം പറഞ്ഞിരുന്നു.
ഇതാദ്യമായല്ല ഗാന്ധിജി വംശീയവാദിയാണെന്ന ആരോപണം ഉയരുന്നത്. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗില്‍ ഇതേ ആരോപണമുന്നയിച്ച് പ്രതിഷേധക്കാര്‍ ഗാന്ധി പ്രതിമ നശിപ്പിച്ചിരുന്നു.
Discussion about this post