വാഷിങ്ടന്‍: പുതിയ യുഎസ് പ്രസിഡന്റ് സ്ഥാനമേറ്റ് 100 ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കണമെന്ന് യുഎസ് വിദഗ്ധ സംഘം ആവശ്യപ്പെട്ടു. യുഎസിലെ പൊതുനയ ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷനല്‍ സ്റ്റഡീസിലെ (സിഎസ്ഐഎസ്) വിദഗ്ധരാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്.സുരക്ഷാ രംഗത്തെ ഇന്ത്യയുഎസ് സഹകരണവുമായി ബന്ധപ്പെട്ട് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധത്തിന്റെ അനിവാര്യതയിലൂന്നിയുള്ള ഈ പരാമര്‍ശങ്ങളുള്ളത്.
ഇന്ത്യയുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിനും സുഗമമാക്കുന്നതിനും മുന്‍കൈയ്യെടുക്കണമെന്നാണ് പ്രധാന ആവശ്യം. രാജ്യാന്തര തലത്തില്‍ പൊതുസമ്മതി ലഭിച്ചിട്ടുള്ള ഉടമ്പടികളില്‍ ഇന്ത്യയും ഒപ്പുവയ്ക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. സ്വന്തം പ്രതിരോധ മേഖലയെ കരുത്തുറ്റതാക്കുന്നതിന് യുഎസില്‍ നിന്ന് ലഭ്യമാക്കണമെന്ന് ഇന്ത്യ കരുതുന്ന അത്യാധുനിക സംവിധാനങ്ങള്‍ പൂര്‍ണമായും നല്കണമെങ്കില്, ഇന്ത്യ ഇത്തരം ഉടമ്പടികളുമായി സഹകരിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും വിദഗ്ധ സംഘം ചൂണ്ടിക്കാട്ടുന്നു.
രാജ്യാന്തര ബന്ധങ്ങളിലെ മാറിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പശ്ചാത്തലത്തിലാണ് യുഎസ് വിദഗ്ധ സംഘത്തിന്റെ നിലപാടെന്ന് കരുതുന്നു. ബറാക് ഒബാമയുടെ പിന്‍ഗാമി സ്ഥാനമേല്‍ക്കാന്‍ ഏതാണ്ട് മൂന്നു മാസം മാത്രം ശേഷിക്കെയാണ് അതാരായാലും ഇന്ത്യയുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ ഒബാമ സ്വീകരിച്ച നയം പിന്തുടര്ന്നേ മതിയാകൂ എന്ന് വ്യക്തമാക്കി സിഎസ്ഐഎസ് രംഗത്തെത്തിയത്. പുതിയ പ്രസിഡന്റ് സ്ഥാനമേറ്റ് 100 ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ പ്രത്യേക താല്പര്യമെടുക്കുന്നത്, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ഉണര്വുള്ളതാക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. യുഎസിന്റെ ഏഷ്യന്‍ നയത്തിലെ സുപ്രധാന കണ്ണിയായി ഇന്ത്യയെ കണ്ടുകൊണ്ടുള്ള യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ വിദേശ നയത്തെ ശ്ലാഘിക്കുന്നതാണ് റിപ്പോര്‍ട്ട്. കരുത്തനായ നേതാവെന്ന നിലയില്‍ വളരുന്ന മോദിയുമായുള്ള സഹകരണം, മേഖലയിലെ യുഎസ് താല്പര്യങ്ങള്ക്ക് ഗുണകരമാണെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.
ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാന് എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് ഒരു ചതുര്‍രാഷ്ട്ര സുരക്ഷാ സഹകരണത്തിന് അടുത്ത യുഎസ് ഭരണകൂടം മുന്‍കൈയെടുക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നയിക്കാന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിനേയും വിദേശകാര്യ മന്ത്രാലയത്തേയും ചുമതലപ്പെടുത്തണം. പസിഫിക്, ഇന്ത്യന്‍ മഹാസമുദ്ര മേഖലകളിലെ പൊതുതാല്പര്യം മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ക്കാകണം മുന്‍ഗണന നല്‍കേണ്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്.
Discussion about this post