ഡല്‍ഹി: ലോധ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാമെന്ന് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നത് വരെ അവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കരുതെന്ന് ബി.സി.സി.ഐയോട് സുപ്രീംകോടതി. ലോധ കമ്മിറ്റിയുടെ പരിഷ്കാരങ്ങള്‍ക്കെതിരെ ബി.സി.സി.ഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ വെള്ളിയാഴ്ച വാദംകേള്‍ക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ലോധ കമ്മിറ്റി പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും എന്നാല്‍ സംസ്ഥാന അസോസിയേഷനുകളുടെ എതിര്‍പ്പാണുള്ളതെന്നും ബി.സി.സി.ഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് കോടതി സംസ്ഥാന അസോസിയേഷനുകള്‍ക്ക് സാമ്പത്തിക നിയന്ത്രണം കൊണ്ടുവരാന്‍ ഉത്തരവിട്ടത്. ലോധ കമ്മിറ്റിക്ക് ഒരു സ്വതന്ത്ര ഓഡിറ്ററെ നിയമിക്കാമെന്നും അദ്ദേഹം ബോര്‍ഡിന്റെ സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മപരിശോധന നടത്തണമെന്നും കോടതി വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റ് രംഗത്തെ സാമ്പത്തിക ഇടപടലുകള്‍ക്ക് നിയന്ത്രണം വന്നിരിക്കുകയാണ്.
ലോധ കമ്മിറ്റിക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നത് വരെ സംസ്ഥാന അസോസിയേഷനുകള്‍ക്ക് ഒരൊറ്റ ചില്ലിക്കാശ് പോലും ലഭിക്കുകയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ബി.സി.സി.ഐ അധ്യക്ഷന്‍ അനുരാഗ് താക്കൂര്‍ ലോധ കമ്മിറ്റി മുമ്പാകെ ഹാജരാകണമെന്നും കമ്മിറ്റി ശിപാര്‍ശകളെ അനുസരിച്ച് പ്രവര്‍ത്തിക്കുവാനും കോടതി ആവശ്യപ്പെട്ടു. കൂടാതെ രണ്ടാഴ്ചക്കുള്ളില്‍ ഇക്കാര്യത്തില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാനും ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ലോകത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടനയും സുപ്രീം കോടതി നിയോഗിച്ച സമിതിയും തമ്മിലുള്ള വാദം വെള്ളിയാഴ്ചയും തുടര്‍ന്നു. ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിര്‍ണായക കേസ് പരിഗണിക്കുന്നത്. ലോധ കമ്മിറ്റി നിര്‍ദേശിച്ച പരിഷ്കാരങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് നേരത്തേ ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. യാതൊരു നിബന്ധനകളും കൂടാതെ കമ്മിറ്റിയുടെ പരിഷ്കാരങ്ങള്‍ സ്വീകരിക്കാന്‍ ബോര്‍ഡിന് പിന്നീട് കോടതി അന്ത്യശാസനം നല്‍കുകയായിരുന്നു.
Discussion about this post