പാക് നടന് ഫവാദ്ഖാന്‍ അഭിനയിച്ചതിനെ തുടര്‍ന്നുണ്ടായ യേ ദില്‍ ഹെ മുഷ്ക്കിലിന്റെ വൈകാരിക പ്രതിസന്ധി ഇപ്പോഴും കരണ്‍ ജോഹറിനെ വേട്ടയാടുകയാണ്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി മാറിയിരിക്കുന്നത് മഹാരാഷ്ട്ര അകോല സ്വദേശിയായ കരണ്‍ ചീമ എന്ന ബിസിനസ്സുകാരനാണ്. കരണിന്റെ നിര്‍മ്മാണക്കമ്പനിയായ ധര്‍മ്മാ പ്രൊഡക്ഷന്‍ 320 രൂപയുടെ ചെക്ക് അയച്ചാണ് ഇയാള്‍ സിനിമ റിലീസ് ചെയ്യുന്നതിലുള്ള രോഷം പ്രകടിപ്പിച്ചത്. ചെക്കിനൊപ്പം ചെക്ക് അയയ്ക്കാനുണ്ടായ സാഹചര്യവും ഇയാള്‍ കുറിച്ചിട്ടുണ്ട്. സിനിമ കാണാന്‍ തനിക്ക് താല്‍പ്പര്യം ഇല്ലെന്നും അതുകൊണ്ട് തന്നെ കരണിന്റെ നിര്‍മ്മാണ കമ്പനിക്ക് നഷ്ടം ഉണ്ടാകേണ്ട എന്ന് കരുതിയാണ് പണം അയയ്ക്കുന്നതെന്നും പറഞ്ഞു.
സിനിമയ്ക്കെതിരേ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ തന്റെയും കൂട്ടത്തില്‍ ഉണ്ടായിരുന്നവരുടേയും കഷ്ടപ്പാടിനെ മാനിക്കണമെന്നും ഒട്ടേറെ പേര് രക്തം വിയര്‍പ്പാക്കി നടത്തിയ അദ്ധ്വാനത്തിന്റെയും കണ്ണീരിന്റെയും വിലയാണ് സിനിമ എന്നും കരണ്‍ വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കിയിരുന്നു. ഈ വീഡിയോ കണ്ടതിന് പിന്നാലെയാണ് ചീമ പണം നല്കാന് തീരുമാനം എടുത്തതും ചെക്ക് അയച്ചു കൊടുത്തതും. പാക് താരം അഭിനയിച്ച സിനിമ താന്‍ ഒരിക്കലും കാണാന്‍ പോകുന്നില്ലെന്നും ഇതിലൂടെ സംവിധായകനും അണിയറ പ്രവര്‍ത്തകര്‍ക്കും നഷ്ടം ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് ചെക്ക് അയയ്ക്കുന്നതെന്നും കത്തില്‍ പറഞ്ഞു.
സംഭവം മുന്‍ ബിജെപി പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ശില്‍പ്പി തീവാരി അടുത്തിടെ കത്തും ചെക്കും ട്വിറ്ററില്‍ ഷെയര്‍ ചെയ്തതോടെയാണ് ശ്രദ്ധേയമായത്. പാക് നടന് അഭിനയിക്കുന്ന സിനിമ ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതിന് എതിരേ വന്‍ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. ഈ വിഷയത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയുമാണ്.
സിനിമ റിലീസ് ചെയ്യുന്നതിനെതിരേ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) പ്രതിഷേധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതും ദീപാവലിക്ക് തന്നെ സിനിമ റിലീസ് ചെയ്യാന്‍ എംഎന്‍എസ് തലവന്‍ രാജ് താക്കറേ സമ്മതിച്ചതിനും പിന്നാലെയാണ് ഇത്തരത്തിലുളള വൈകാരിക പ്രതികരണങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.
Discussion about this post