ഏഷ്യകപ്പ് ഫൈനലിലേക്ക് ഇന്ത്യയെ കൈപിടിച്ച് നയിച്ച് മലയാളി താരം ശ്രീജേഷ്. ദക്ഷിണ കൊറിയയുടെ പെനാള്‍ട്ടി ഷൂട്ടൗട്ടിലെ അവസാന കിക്ക് തടുത്തിട്ടാണ് ഇന്ത്യന്‍ നായകന് ടീമിന്റെ രക്ഷകനായത്.
ആവേശം പെനല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട മല്‍സരത്തില്‍ ദക്ഷിണ കൊറിയയെ 5-4ന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ സ്കോര്‍ 4-4ല്‍ നില്‍ക്കെ നിര്‍ണായകമായ അഞ്ചാം കിക്ക് ക്യാപ്റ്റന്‍ കൂടിയായ മലയാളി താരം പി.ആര്.ശ്രീജേഷ് തടഞ്ഞിടുകയായിരുന്നു.
കളി അവസാനിക്കാന്‍ ഏഴു മിനിറ്റ് ശേഷിക്കെ 2-1ന് ലീഡ് വഴങ്ങിയ ഇന്ത്യ, രണ്ട് മിനിറ്റിനുള്ളില്‍ സമനില ഗോള്‍ കണ്ടെത്തിയാണ് മല്‍സരം ഷൂട്ടൗട്ടിലേക്ക് നീട്ടിയത്. ഇന്ത്യയ്ക്കായി തല്‍വീന്ദര്‍ സിങ് (15), രമണ്‍ദീപ് സിങ് (55) എന്നിവര്‍ ഗോളുകള്‍ നേടി. ഇന്‍വൂ സിയോ (21), യാങ് ജിഹൂന്‍ എന്നിവര്‍ കൊറിയയ്ക്കായി ലക്ഷ്യം കണ്ടു.
Discussion about this post