കോഴിക്കോട്: മലബാര്‍ മേഖല ഭീകരപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാകുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഫലപ്രദമായ പ്രതിരോധമുണ്ടായില്ലെങ്കില് ഭീകരപ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുമെന്ന മുന്നറിയിപ്പും ഇന്റലിജന്‍സ് നല്‍കുന്നുണ്ട്. വയനാട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലെ വനമേഖലകളില്‍ സാന്നിധ്യമറിയിച്ച മാവോയിസ്റ്റുകള്‍ക്കു പുറമേയാണ് ഭീകരസംഘടനകളും മലബാറില്‍ സജീവമാകുന്നത്. ഒരിടവേളക്ക് ശേഷം പോരാട്ടത്തിന് ആഹ്വാനം ചെയ്ത് കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ട് മാവോയിസ്റ്റ് ലഘുലേഖ പ്രചരിച്ചത്. ഇതിനുതൊട്ടുപിന്നാലെ മലപ്പുറം കലക്ടറേറ്റില്‍ ബേസ് മൂവ്മെന്റ് എന്ന ഭീകരസംഘടനയുടെ പേരില്‍ സ്ഫോടനവുമുണ്ടായി. അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനോട് ആഭിമുഖ്യം പുലര്‍ത്തുകയും ഉത്തരേന്ത്യയില്‍ സമാനസ്വഭാവമുള്ള സ്ഫോടനങ്ങള്‍ നടത്തുകയും ചെയ്ത സംഘടനയാണിത്.
ഒരുമാസം മുമ്പ് കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം ചേര്‍ന്ന ഐഎസ് തീവ്രവാദികളെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മുന്‍കാല പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് എന്‍ഐഎ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. മാസങ്ങള്‍ക്കു മുമ്പാണ് കാസര്‍ഗോഡ് നിന്ന് ഐഎസില്‍ ചേര്‍ന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ഇവയെല്ലാം ഭീകരപ്രവര്‍ത്തനങ്ങളുടെ ഹബ്ബായി മലബാര്‍ മാറിയെന്നതിന്റെ തെളിവായാണ് ഇന്റലിജന്‍സ് വിലയിരുത്തുന്നത്.
Discussion about this post