വടക്കാഞ്ചേരി കൗണ്‍സിലര്‍ ജയന്തന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഡബിങ്ങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. തനിക്ക് ഒരു കുടുംബമുണ്ടെന്നും ഭാഗ്യലക്ഷ്മിയെ വീട്ടമ്മ കള്ളത്തരങ്ങള്‍ പറഞ്ഞ് കബളിപ്പിക്കുകയായിരുന്നുവെന്നും ജയന്തന് ആരോപണമുന്നയിച്ചിരുന്നു. തനിക്കെതിരെ വാര്‍ത്താസമ്മേളനം നടത്തുന്നതിനുമുമ്പ് ഭാഗ്യലക്ഷ്മി സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കണമായിരുന്നുവെന്നും ജയന്തന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ജയന്തന്റെ പ്രസ്താവനക്ക് മറുപയിയുമായി ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുന്നത്.
താന്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥയല്ലെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി ജയന്തനെതിരെ തെളിവുകള്‍ നിരത്തിയാണ് ജയന്തന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. 2014 ഓഗസ്റ്റില്‍ വന്ന പ്രമുഖ പത്രത്തില്‍ ബലാല്‍സംഗ വാര്‍ത്തയുണ്ടെന്ന് അവര്‍ വ്യക്തമാക്കി. അതില്‍ ജയന്തന്റേയും കൂട്ടുകാരുടേയും പേരുകള്‍ വ്യക്തമായി പറയുന്നുണ്ട്. അന്ന് എന്തുകൊണ്ട് ജയന്തന് മാനനഷ്ടക്കേസ് കൊടുത്തില്ലെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. മാത്രമല്ല, ജയന്തന് പൊലീസിന്റെ മുമ്പാകെ പെണ്‍കുട്ടിക്ക് മൂന്നരലക്ഷം രൂപ കൊടുത്തതിന്റെ രേഖകളും തന്റെ കയ്യിലുള്ളതായി ഭാഗ്യലക്ഷ്മി പറഞ്ഞു.”ജയന്തന് എന്തിന് ഈ പെണ്‍കുട്ടിക്ക് പണം കൊടുത്തു? അയാള്‍ക്ക് പണം കിട്ടാനുണ്ടെന്നല്ലേ അയാള്‍ മാധ്യമങ്ങളുടെ മുന്നില്‍ പറയുന്നത്. പിന്നെന്തിന് പണം കൊടുത്തു? ഇത്രയേറെ പഴുതുകള്‍ അയാള്‍ തുറന്നു കൊടുത്തിട്ട് എന്തിന് ഞാന്‍ കബളിപ്പിക്കപ്പെട്ടു എന്ന് പറയുന്നു? അത് രക്ഷപെടലോ അതോ വിവരക്കേടോ?” ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
പീഡനത്തിനിരയായ സ്ത്രീ കുട്ടികളെയും മാതാപിതാക്കളെയും നോക്കുന്നില്ലെന്ന് പറയുന്ന ജയന്തന് അങ്ങനെയുള്ളവരെയൊക്കെ പീഡിപ്പിക്കുമോ എന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. ഈ സ്ത്രീ ജയന്തനെ നിരന്തരം സാമ്പത്തികമായി ഭീഷണി ഉന്നയിക്കുമെന്ന് പറഞ്ഞിരുന്നു. വെറും അപ്പുറത്തെ വീട്ടിലെ ആളെയല്ല, അവര്‍ ഭീഷണിപ്പെടുത്തിയെന്ന് പറയുന്നത്, ഒരു കൗണ്‍സിലറെയാണ്. അയാള്‍ക്ക് നിയമപരായി നടപടി എടുത്തുകൂടായിരുന്നോ? പദവികൊണ്ടും ശാരീരികമായുമെല്ലാം ഉയര്‍ന്നു നില്‍ക്കുന്നത് ജയന്തനാണ്. കഷ്ടിച്ച് 35 കിലോ മാത്രമേ ഉള്ളൂ. നാലടി പൊക്കത്തില്‍ വളരെ തീരെ ക്ഷീണിതയായ ഒരു സ്ത്രീയാണ്. നാലുപേര്‍ ബലാല്‍സംഗം ചെയ്തിട്ടും അവള് ജീവിച്ചിരുപ്പുണ്ടല്ലോ എന്ന് എനിക്ക് അവളുടെ ആരോഗ്യം കാണുമ്പോള്‍ തോന്നിപ്പോകുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
താന്‍ പൊലീസൊന്നുമല്ല ഒരു പെണ്‍കുട്ടി വന്നു കരുമ്പോള്‍ അവളുമായി വടക്കാഞ്ചേരിയിലും തൃശൂരും മുളന്തുരുത്തിയിലുമൊക്കെ തെളിവെടുപ്പിന് പോകാന്‍. ഒരു സാധാരണ സ്ത്രീയാണ്. പിന്നെ ഇയാള്‍ പറയുന്നത് ഇയാളുമായി സാമ്പത്തിക ഇടപാടുണ്ടെന്നാണ്. ഞാന്‍ പണം കൊടുത്തു, എന്നെ ഭീഷണിപ്പെടുത്തി എന്നൊക്കയാണ്. അങ്ങനെയെങ്കില്‍ മറ്റുമൂന്നുപേരുടെ പേരുകള്‍ എന്തിന് പെണ്‍കുട്ടി പറഞ്ഞു. പൊലീസിന്റെ പേര് എന്തിനു പറഞ്ഞു. ഇതൊക്കെ നാം ചിന്തിക്കണം. കുടുംബം നഷ്ടപ്പെടുമെന്നൊക്കെ ചിന്തയുള്ളവര്‍ അന്ന് തന്നെ മാനനഷ്ടക്കേസ് നല്‍കണമായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയെ പെണ്‍കുട്ടിക്ക് ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുമായൊക്കെ സംസാരിച്ചു. പക്ഷേ, മുഖ്യമന്ത്രിയെ കാണാന്‍ ഇതുവരെ സമയം അനുവദിച്ചില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസായതുകൊണ്ടാണോ എന്നറിയില്ല, എന്നാലും അദ്ദേഹം ജനങ്ങളുടെ പ്രതിനിധിയാണ്. പെണ്‍കുട്ടിക്ക് മുഖ്യമന്ത്രിയോട് മാത്രമായി ചിലത് പറയാനുണ്ടെന്ന് പറഞ്ഞിട്ടു പോലും കാണാന്‍ അനുവദിക്കാത്തത് വളരെ വേദനയുണ്ടാക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.
കെ. രാധാകൃഷ്ണന് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനെതിരെയും ഭാഗ്യലക്ഷ്മി ശക്തമായി വിമര്‍ശിച്ചു ജയന്തന്റെ പേര് പറഞ്ഞു, അങ്ങനെയെങ്കില്‍ പെണ്‍കുട്ടിയുടെ പേര് പറഞ്ഞൂടെ എന്നാണ് രാധാകൃഷ്ണന് ചോദിക്കുന്നത്. പെണ്‍കുട്ടിയും ഒരേ പൊസിഷനില്‍ നില്‍ക്കുവന്നവരാണോ എന്ന് ഇവരൊക്കെ ചിന്തിക്കാത്തതെന്ത്? ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
ജയന്തന് ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്ന് തൃശൂര്‍ സ്വദേശിയായ വീട്ടമ്മയെ പെണ്‍കുട്ടിയെ രണ്ടുവര്‍ഷം മുമ്പ് പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ കേസില്‍ നീതിലഭിക്കാത്തതിനെ തുടര്‍ന്ന് ഭാഗ്യലക്ഷ്മിയും കൂട്ടരും ഇടപെട്ടാണ് സംഭവം മാധ്യമശ്രദ്ധയില്‍ കൊണ്ടുവരുന്നത്.
Discussion about this post