ബെയ്ജിംഗ്: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നീക്കത്തെ അഭിനന്ദിച്ച് ചൈനീസ് മാധ്യമങ്ങള്‍ രംഗത്തെത്തി. എപ്പോളും ഇന്ത്യയെ വിമര്‍ശിക്കുന്ന ചൈനയിലെ മാധ്യമങ്ങളാണ് പ്രധാനമന്ത്രിയെയും നോട്ട് പിന്‍വലിക്കാനുള്ള തീരുമാനത്തെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഉയര്‍ന്ന നോട്ടുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം, അമ്പരപ്പിക്കുന്നതും ധീരവുമാണെന്ന് ചൈനയിലെ സര്‍ക്കാര്‍ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യ ഇനിയും ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ചൈനീസ് മാധ്യമങ്ങള്‍ നിര്‍ദേശിക്കുന്നു. ചൈനയുടേത് പോലുള്ള അഴിമതിക്കെതിരെയുള്ള ക്രിയാത്മക നടപടികളെ ഇന്ത്യയും മാതൃകയാക്കണമെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു. മോദിയുടെ അഴിമതി വിരുദ്ധ മുന്നേറ്റത്തിന് ചൈനയുടെ നിര്‍ദേശങ്ങള്‍ എന്ന പേരിലാണ് ലേഖനം പത്രത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഒറ്റയടിക്ക് ആയിരം, അഞ്ഞൂറ് നോട്ടുകള്‍ പിന്‍വലിച്ച നീക്കം, കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ മോദിയുടെ ധീരമായ പോരാട്ടമാണെന്നും പത്രം വിശേഷിപ്പിക്കുന്നു. ഇന്ത്യയില്‍ ആകെയുള്ള പണത്തിന്റെ 80 ശതമാനവും ആയിരം അഞ്ഞൂറ് നോട്ടുകളാണെന്നും, ഈ നോട്ടുകള്‍ നിരോധിക്കുന്നത് നിയമവിരുദ്ധമായ ഇടപാടുകളെ ഇല്ലാതാക്കുമെന്നും പത്രം ലേഖനത്തില്‍ വ്യക്തമാക്കുന്നു. എങ്കിലും അഴിമതിയെ പൂര്‍ണമായും തുടച്ചുനീക്കാന്‍ ഈ നടപടികള്‍ അപര്യാപ്തമാണെന്നും പത്രം വ്യക്തമാക്കുന്നു. അപകടകരമെങ്കിലും , ധീരവും നിര്‍ണായകവുമായ തീരുമാനമാണ് ഇന്ത്യയും മോദിയും സ്വീകരിച്ചതെന്നും പത്രം പറയുന്നു.
നോട്ടിന്റെ നിരോധനത്തേക്കാള്‍ വ്യവസ്ഥയിലുള്ള മാറ്റമാണ് ആവശ്യമെന്നും ചൈനീസ് മാധ്യമങ്ങള്‍ വിശദീകരിക്കുന്നു. ഇക്കാര്യങ്ങള്‍ക്ക് ഇന്ത്യ ചൈനയെ മാതൃകയാക്കണം. ചൈനീസ് പ്രസിഡന്റ് ക്സി ജിന്‍പിങിന്റെ മാതൃകയില്‍ ഉദ്യോഗസ്ഥതലത്തില്‍ അഴിമതി വിരുദ്ധ പരിപാടികളൊരുക്കണം. ചൈനയില്‍ പദ്ധതിയുടെ ഭാഗമായി പത്ത് ലക്ഷത്തോളം ഉദ്യോഗസ്ഥരാണ് ശിക്ഷിക്കപ്പെട്ടത്. ഈ മാതൃകയിലാകണം ഇന്ത്യയിലെയും നയങ്ങളെന്നും പത്രം നിര്‍ദേശിക്കുന്നു. പൊതുവെ ഇന്ത്യയ്ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിക്കുന്ന പത്രമാണ് ഗ്ലോബല്‍ ടൈംസ്. പാകിസ്താനുമായി അതിര്‍ത്തിയില്‍ പ്രശ്നങ്ങളുണ്ടായ സമയത്തെല്ലാം ഇന്ത്യയ്ക്കെതിരെ ഭീഷണിയും വെല്ലുവിളിയുമായി രംഗത്തെത്തിയ ചരിത്രവും ഗ്ലോബല്‍ ടൈംസിനുണ്ട്.
Discussion about this post