ഇസ്ലാമാബാദ്: പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെ പരിഹസിച്ച് പാക്ക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരിഫ് രംഗത്ത്. ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയാല്‍ തലമുറകളോളം ഇന്ത്യയ്ക്ക് അത് മറക്കാന്‍ സാധിക്കില്ലെന്നും ജനറല്‍ റഹീല്‍ ഷെരീഫ് പറഞ്ഞു. ഖൈബര്‍ മേഖലയിലെ ഷാഹിദ് അഫ്രീദിയുടെ നാമത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ സൈന്യം നടത്തുന്ന ഏത് ആക്രമണത്തെയും തടുക്കാനും പ്രത്യാക്രമണം നടത്താനും പാക്ക് സൈന്യം ഇന്ന് സജ്ജമാണെന്നും ജനറല്‍ റഹീല്‍ വ്യക്താക്കി. പാക്കിസ്ഥാന് ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് സംഘടിപ്പിക്കുകയാണെങ്കില്‍ ഇന്ത്യ അത് സ്കൂളുകളില്‍ പാഠ്യവിഷയമാക്കും. ഇന്ത്യയുടെ അവകാശവാദങ്ങള്‍ വെറും നാടകമാണ്. ഭീകരതയ്ക്കെതിരേ ഏറ്റവും ശക്തമായ സൈന്യം പാക്കിസ്ഥാന് സ്വന്തമാണ്. പാക്കിസ്ഥാന്റെ ഗോത്രമേഖലകളില്നിന്നു ഭീകരരെ തുരത്തിക്കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. മൂന്ന് വര്‍ഷക്കാലം പാക്ക് സൈനിക തലവനായി തുടര്‍ന്ന ജനറല്‍ റഹീല്‍ ഷെരീഫ് നവംബര്‍ 29 നാണ് വിരമിക്കുന്നത്. റഹീലിന്റെ പിന്‍ഗാമിക്കുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. വൈകാതെ പുതിയ സൈനിക മേധാവിയാരാണെന്നു പാക്ക് പ്രധാനമന്ത്രി പ്രഖ്യാപിക്കും.
രാജ്യത്തിന്റെ സായുധസേനകള്‍ക്ക് ഇന്ത്യയെക്കുറിച്ചോര്‍ത്ത് ഒരുതരത്തിലുള്ള ആശങ്കകളുമില്ലെന്ന് പാക്കിസ്ഥാന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ സൊഹാലി അമാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശനവും സെമിനാറും നടക്കുന്ന കറാച്ചിയില്‍ വച്ചാണ് സൊഹാലി അമാന്‍ ഇക്കാര്യം പറഞ്ഞത്.
പാക്കിസ്ഥാന് യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാല്‍ സമ്മര്‍ദ്ദം സഹിച്ച് പാക്കിസ്ഥാന് നില്‍ക്കില്ല. ഏത് രീതിയിലുള്ള പ്രകോപനവും നേരിടാന്‍ പാക്കിസ്ഥാന്റെ സേനകള്‍ തയ്യാറാണെന്നും സൊഹാലി അമാന്‍ സൂചിപ്പിച്ചിരുന്നു.
Discussion about this post