തൃശൂര്‍: തൃശൂരില്‍ കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായി സൂചന. ആദായ നികുതി വകുപ്പ് രണ്ട് സ്ഥാപനങ്ങളില്‍ പരിശോധന ആരംഭിച്ചു. ഒരു വിദേശ പണമിടപാട് സ്ഥാപനവും നടത്തറ സഹകരണ ബാങ്കും കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചെന്നാണ് ആരോപണം. നോട്ട് അസാധുവാക്കിയതിനു പിന്നാലെ ഇടപാടുകള്‍ നടത്തുന്നതില്‍ നിന്ന് സഹകരണ ബാങ്കുകളെ മാറ്റി നിര്‍ത്തുന്നതിന് ബിജെപിയും കേന്ദ്ര സര്‍ക്കാരും ഉന്നയിച്ച ആരോപണങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു. തൃശൂരില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹകരണ ബങ്ക് കൂട്ടു നിന്നതായി റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കല്‍ നടന്നതിന് തൊട്ട് പിന്നാലെയാണ് സംഭവം.
പ്രമുഖ ചാനലാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. 1.35 കോടി രൂപയാണ് വെളുപ്പിക്കാന്‍ ശ്രമിച്ചത്. ജീവനക്കാരുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ നീക്കം നടന്നതായാണ് സൂചനകള്‍. സംഭവത്തില്‍ ആദായ നികുതി വകുപ്പ് നടപടി സ്വീകരിച്ചു. സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നുള്ള കേന്ദ്രത്തിന്റെയും ബിജെപിയുടെയും പ്രസ്താവന ശരി വെക്കുന്നതാണ് ഇത്.
നോട്ട് നിരോധനത്തിനു ശേഷം സഹകരണ ബാങ്കില്‍ ഒരു കോടി 30 ലക്ഷം രൂപയുടെ ഇടപാട് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. നവംബര്‍ എട്ടാം തീയതി രാത്രിയില്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം ഷെഡ്യൂള്‍ഡ് ബാങ്കിലേക്ക് മാറ്റിയതായും കണ്ടെത്തി. ക്വാറി, ജ്വല്ലറി ഉടമകളാണ് കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചത്. തങ്ങള്‍ ഈ പണത്തിന് നികുതി അടയ്ക്കാന്‍ തയാറാണെന്ന് ഇവര്‍ ആദായ നികുതി വകുപ്പിനെ അറിയിച്ചതായാണ് വിവരം.
തൃശൂര്‍ നടത്തറയിലെ ജില്ലാ സഹകരണ ബാങ്കിലാണ് സംഭവം നടന്നത്. 1.35 കോടി രൂപയാണ് ഇത്തരത്തില്‍ വെളുപ്പിക്കാന്‍ ശ്രമിച്ചത്. കോണ്‍ഗ്രസ് ഭരണ സമിതിയുടെ നിയന്ത്രണത്തിലുള്ള ബാങ്കിലാണ് സംഭവം നടന്നത്. ജീവനക്കാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാന്‍ ശ്രമം നടന്നു. മാത്രമല്ല 17 പുതിയ അക്കൗണ്ടുകള്‍ പണം നിക്ഷേപിക്കുന്നതിനായി ആരംഭിച്ചതായും കണ്ടെത്തി.
പ്രധാനമന്ത്രിയുടെ നോട്ട് നിരോധന പ്രഖ്യാപനം വന്ന നവംബര്‍ എട്ടിന് തൊട്ടു പിന്നാലെ നവംബര്‍ 9ാം തീയതിയാണ് കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം നടന്നത്. തൃശൂരിലെ സ്വര്‍ണ വ്യാപാരിയും എറണാകുളത്തെ ക്വാറി ഉടമയുമാണ് കള്ളപ്പണം നിക്ഷേപിച്ചത്. സ്വര്‍ണ വ്യാപാരി ഒരു കോടിയും ക്വാറി ഉടമ 35 ലക്ഷവും നിക്ഷേപിച്ചെന്നാണ് വിവരം. സംഭവത്തില്‍ ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. സഹകരണ ബാങ്കുകളില്‍ കള്ളപ്പണനിക്ഷേപം ഉണ്ടെന്ന കേന്ദ്രത്തിന്റെ ആരോപണം ശരിയാണെന്നതിന്റെ തെളിവ് നല്കാന് ഒരുങ്ങുകയാണ് ആദായ നികുതു വകുപ്പ്. സംഭവവുമായി ബന്ധപ്പെട്ട് ബാങ്കിനും, പണം നിക്ഷേപിച്ചവര്‍ക്കും നോട്ടീസ് നല്കി.
അതേസമയം സംഭവം ശരിയാണെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ബാങ്കില്‍ നടന്നത് ശരിയായ നടപടി അല്ലെന്നും അദ്ദേഹം പ്രതികരിച്ചു. 1. 55 കോടി രൂപയാണ് വെളുപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. അന്വേഷണത്തിന് സഹകരണ രജിസ്ട്രാറെ ചുമതലപ്പെടുത്തിയതായി മന്ത്രി.
സഹകരണ ബാങ്കുകളില്‍ കോടികളുടെ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നായിരുന്നു കേന്ദ്രവും ബിജെപിയും ആരോപിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് ഇടപാടുകള്‍ നടത്തുന്നതില്‍ നിന്ന് സഹകരണ ബാങ്കുകളെ വിലക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ സഹകരണ ബാങ്കുകള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് സഹകരണ ബാങ്കിനെതിരായ നിയമ പോരാട്ടത്തില്‍ കേന്ദ്രത്തിനും ബിജെപിക്കും തുറുപ്പു ചീട്ടാകുമെന്നാണ് സൂചന.
Discussion about this post