ഡല്‍ഹി: ചില്ലറ ലഭ്യത കുറവുകൊണ്ട് ചെലവാക്കാന്‍ കഴിയാതെ നമ്മുടെ കൈയ്യിലിരിക്കുന്ന 2000 രൂപ നോട്ട് അച്ചടിക്കാന്‍ ചെലവാകുന്നത് എത്രയെന്നറിയാമോ? റിസര്‍വ് ബാങ്ക് പുതുതായി പുറത്തിറക്കിയ 2000 രൂപയുടെ ഒരു നോട്ട് അടിക്കാന്‍ ചെലവാകുന്നത് 3.54 രൂപ മാത്രമാണ്. വിവരാവകാശ നിയമപ്രകാരം മധ്യപ്രദേശിലെ നീമുക്കില്‍ നിന്നുള്ള ചന്ദ്രശേഖര്‍ ഗൗഡ് നല്കിയ അപേക്ഷയിലാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
റിസര്‍വ് ബാങ്കിന്റെ കീഴിലുള്ള ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡ് (ബിആര്‍ബിഎന്‍എംപിഎല്‍) ആണ് ഓരോ നോട്ടുകളും അടിക്കാനുള്ള ചെലവ് വെളിപ്പെടുത്തിയത്. പുതിയ 500 രൂപയുടെ ആയിരം നോട്ടുകള്‍ അടിക്കാന്‍ 3,090 രൂപയാണ് റിസര്‍വ് ബാങ്കില്‍ നിന്ന് ഈടാക്കുന്നതെന്നും ബിആര്‍ബിഎന്‍എംപിഎല്‍ അറിയിച്ചു.
ഓരോ നോട്ടിനും ചെലവാകുന്ന തുക ഇങ്ങനെ: 5 രൂപ-0.48 പൈസ, 10 രൂപ-0.96 പൈസ, 20 രൂപ-1.5 രൂപ 50 രൂപ-1.81 രൂപ 100 രൂപ-1.79 രൂപ 500 രൂപ (പഴയത്)-2.5 രൂപ 1000 രൂപ (പഴയത്)-3.17 രൂപ. നാലിടങ്ങളിലായാണ് പുതിയ നോട്ടുകളുടെ അച്ചടി നടക്കുന്നത്. ഒരു മാസം ഏകദേശം 100 കോടിയോളം നോട്ടുകള്‍ അച്ചടിക്കുന്നുണ്ട്. കഴിഞ്ഞ മാസം എട്ടിന് 500, 1000 രൂപയുടെ നോട്ടുകള്‍ കേന്ദ്രം അസാധുവാക്കിയതോടെ ഏകദേശം 14 ലക്ഷം കോടി പുതിയ നോട്ടുകള്‍ പകരം പുറത്തിറക്കേണ്ടിവരും.
Discussion about this post