ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിത മല്‍സരിച്ചിരുന്ന ആര്‍കെ നഗര്‍ മണ്ഡലത്തില്‍നിന്ന് അണ്ണാ ഡിഎംകെ അധ്യക്ഷ ശശികല നടരാജന് മല്‍സരിക്കണമെന്ന ആവശ്യം നേതാക്കള്‍ ഉന്നയിക്കുന്നതിനിടെ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍. ജയലളിതയുടെ മരണത്തിന്റെ മുപ്പതാം ദിനം അവര്‍ക്ക് ആദരമര്‍പ്പിച്ചു നടത്തിയ മൗനജാഥയ്ക്കിടെ എംഎല്‍എ പി. വെട്രിവേല്‍ ശശികല, ജയലളിതയുടെ മണ്ഡലത്തില്‍നിന്ന് മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ഒട്ടേറെ പ്രവര്‍ത്തകരാണു രംഗത്തെത്തിയിരിക്കുന്നത്.
ഞങ്ങള്‍ ജയലളിയ്ക്കുവേണ്ടി മാത്രമാണു വോട്ടു ചെയ്യാനെത്തുന്നത്. ചിന്നമ്മ ശശികലയോടു പറഞ്ഞേക്കൂ ഞങ്ങള്‍ വോട്ടു ചെയ്യുമെന്നു സ്വപ്നത്തില്‍പ്പോലും വിചാരിക്കരുതെന്ന്, മണ്ഡലത്തിലെ മുതിര്‍ന്നവരില്‍ ഒരാളായ പി.കുപ്പു പറഞ്ഞു. 77 ദിവസം ജയലളിത ആശുപത്രിയിലായിരുന്നു. ഒരിക്കലെങ്കിലും അവര്‍ ഞങ്ങള്‍ക്ക് അമ്മയെ കാണിച്ചുതന്നോയെന്നും പ്രവര്‍ത്തകര്‍ ചോദിക്കുന്നു. അതിനിടെ, ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍ ആര്‍കെ നഗറില്‍നിന്നു മല്‍സരിക്കണമെന്ന ആവശ്യവും പ്രവര്‍ത്തകര്‍ ഉന്നയിച്ചു. ജയലളിതയുടെ യഥാര്‍ഥ പിന്‍ഗാമി അവരാണെന്നും പറയുന്നു.
അതേസമയം, പ്രവര്‍ത്തകരെ ശശികലയ്ക്കെതിരെ തിരിച്ചുവിടുന്നതു ഡിഎംകെയാണെന്ന് വെട്രിവേല്‍ ആരോപിച്ചു. വെട്രിവേലിന്റെ ആരോപണങ്ങള്‍ ഡിഎംകെ തള്ളിക്കളയുകയും ചെയ്തു. പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നുതന്നെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ശശികല മധുരയില്‍ നിന്നു മല്‍സരിച്ചേക്കുമെന്നാണു വിവരം. നേരത്തെ ചെന്നൈ ടി നഗറിലെ വസതിയിലെത്തിയ ദീപ ജയകുമാറിനോടു തങ്ങളെ നയിക്കണമെന്നു പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.
Discussion about this post