കൊച്ചി: മയക്കുമരുന്ന് ഉപയോഗിച്ചതിന് തന്നെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് നടന് അശോകന്. സിനിമയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന ചിത്രങ്ങള്‍ കണ്ട് അശോകനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച വാര്‍ത്ത. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തില്‍ വാര്‍ത്തകളില്‍ പ്രചരിച്ചത് പോലെയല്ല അന്ന് സംഭവിച്ചത് എന്ന് അശോകന് വ്യക്തമാക്കി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
1988ലാണ് വാര്‍ത്തകള്‍ക്ക് ആധാരമായ സംഭവം ഉണ്ടായതെന്ന് മാത്രമല്ല ഈ സംഭവമുണ്ടായത് ദുബായില്‍ വെച്ചല്ല, മറിച്ച് ഖത്തറില്‍ വെച്ചാണെന്നും ഖത്തറിലെ പൊലീസ് തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അശോകന് വ്യക്തമാക്കി. വ്യക്തമായ തെളിവുകള്‍ ഇല്ലാതെ അറസ്റ്റ് ചെയ്യുന്നവരല്ല ഖത്തര്‍ പൊലീസ്. സ്റ്റേഷനില്‍ എത്തിച്ച ശേഷം കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ വ്യക്തമായപ്പോള്‍ ഖത്തര്‍ പൊലീസ് തന്നെ പോകാന്‍ അനുവദിച്ചു.
ഈ സംഭവം അന്നത്തെ ചില മാധ്യമങ്ങള്‍ തമാശ രൂപത്തില്‍ അവതരിപ്പിച്ചിരുന്നു. കൂടാതെ മണിയന് പിള്ള രാജുവിന്റെ പുസ്തകത്തിലും ഈ സംഭവം പരാമര്‍ശിക്കുന്നുണ്ടെന്നും അശോകന് പറഞ്ഞു.
എന്നാല്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഇപ്പോള്‍ ഈ സംഭവം അവതരിപ്പിക്കപ്പെട്ടത് തെറ്റായ രീതിയിലാണെന്നും അശോകന് പറഞ്ഞു.
Discussion about this post