ഭോപ്പാല്‍: പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 11 പേര്‍ മധ്യപ്രദേശില്‍ പിടിയിലായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മധ്യപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡാണ് (എ.ടി.എസ്) ഇവരെ പിടികൂടിയത്. ചൈനീസ് ഉപകരണങ്ങളും സിംകാര്‍ഡുകളും ഉപയോഗിച്ച് ഇന്ത്യന്‍ സൈനിക രഹസ്യങ്ങള്‍ ഐ.എസ്.ഐക്കായി ചോര്‍ത്തി നല്‍കുന്നവരാണ് ഇവരെന്നാണ് എ.ടി.എസ് പറയുന്നത്. എ.ടി.എസ് തലവന്‍ സഞ്ജീവ് ഷാമിയാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്. ഗ്വാളിയാറില്‍ നിന്ന് അഞ്ചും ഭോപ്പാലില്‍ നിന്ന് മൂന്നും ജബല്‍പൂരില്‍ നിന്ന് രണ്ടും സട്‌നയില്‍ നിന്ന് ഒരു ചാരനുമാണ് പിടിയിലായത്. സട്‌നയില്‍ നിന്ന് പിടിയിലായ ബല്‌റാം എന്നറിയപ്പെടുന്നയാളാണ് ചാരസംഘത്തിന്റെ പ്രധാന സൂത്രധാരനെന്ന് സഞ്ജീവ് ഷമി പറഞ്ഞു.
ഇവരില്‍ നിന്ന് പ്രീപെയ്ഡ് സിംകാര്‍ഡുകള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പ്, ഡാറ്റാകാര്‍ഡ്, സിംബോക്‌സുകള്‍ തുടങ്ങിയവ കണ്ടെത്തി. ചൈനീസ് ഉപകരണങ്ങളും സിംബോക്‌സുകളും ഉപയോഗിച്ച് ഇവര്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിപ്പിച്ചിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ജമ്മുവിലെ ആര്‍.എസ് പുരയില്‍ നിന്ന് പടിയിലായ ഐ.എസ്.ഐ ഏജന്റില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബല്‍റാമും മറ്റു പത്തുപേരും വലയിലായത്. അതിര്‍ത്തിയിലെ സൈനിക നീക്കങ്ങളും ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ സന്ദര്‍ശനങ്ങളുമാണ് ഇവര്‍ ഐ.എസ്.ഐക്ക് ചോര്‍ത്തി നല്‍കിയിരുന്നതെന്ന് എടിഎസ് തലവന്‍ പറഞ്ഞു. ഇവര്‍ക്ക് സഹായം നല്‍കിയ ചില ടെലികോം കമ്പനി തൊഴിലാളികളുടെ ബന്ധം അന്വേഷിക്കുന്നുണ്ടെന്നും കൂടുതല്‍ അറസ്റ്റുകള്‍ ഉടനുണ്ടാകുമെന്നും ഷമി അറിയിച്ചു.
Discussion about this post