വിദ്യാബാലന് പകരം എഴുത്തുകാരി കമലാ സുരയ്യയുടെ ജീവചരിത്ര സിനിമയില്‍ മഞ്ജു വാര്യര്‍ നായികയാകുമെന്ന് സംവിധായകന്‍ കമല്‍. സിനിമയുടെ ചിത്രീകരണം ആദ്യഷെഡ്യൂള്‍ മാര്‍ച്ചില്‍ തുടങ്ങുമെന്നും കമല്‍ വ്യക്തമാക്കി. മൂന്ന് ദിവസം മുമ്പാണ് മഞ്ജു വാര്യര്‍ സിനിമ കമ്മിറ്റ് ചെയ്തതെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ അറിയിച്ചു.
വിദ്യാ ബാലന്‍റെ പിന്‍മാറ്റത്തിന് പിന്നാലെ മാധവിക്കുട്ടിയുടെ റോളിലേക്ക് തബു, പാര്‍വതി, എന്നിവരുടെ പേരുകള്‍ പറഞ്ഞുകേട്ടിരുന്നു. ഇത് മാധ്യമങ്ങളുടെ ഊഹാപോഹം മാത്രമാണെന്നാണ് സംവിധായകന്‍ പിന്നീട് അറിയിച്ചത്. മാര്‍ച്ചില്‍ മാധവിക്കുട്ടിയുടെ മഞ്ജു വാര്യരുടെ അതേ പ്രായത്തിലുള്ള ജീവിതമായിരിക്കും ചിത്രീകരിക്കുക. രണ്ട് മാസം കഴിഞ്ഞാവും മധ്യവയസ്സിന് ശേഷമുള്ള കമലാ സുരയ്യയായി മഞ്ജു വാര്യരെ ഉള്‍പ്പെടുത്തിയുള്ള ചിത്രീകരണം. കൗമാരകാലത്തിനുള്ള മാധവിക്കുട്ടിയായി എത്തുക പുതുമുഖ താരമായിരിക്കും. മധു നീലകണ്ഠനാണ് ക്യാമറ ചെയ്യുന്നത്.
കമലാ സുരയ്യയുടെ ജീവിതം ആധാരമാക്കി കമല്‍ സംവിധാനം ചെയ്യാനിരുന്ന ‘ആമി’യില്‍ നിന്നുള്ള വിദ്യാ ബാലന്റെ പിന്‍മാറ്റം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഷൂട്ടിന് തൊട്ടു മുമ്പാണ് വിദ്യ പിന്മാറിയത്. സിനിമയ്ക്ക് വേണ്ടി കൊല്‍ക്കത്തയില്‍ താമസിച്ച് മലയാളം പഠിക്കുകയും ഫോട്ടോഷൂട്ടില്‍ പങ്കെടുക്കുകയും ചെയ്തതിന് ശേഷമായിരുന്നു ‘സര്‍ഗ്ഗപരമായ അഭിപ്രായവ്യത്യാസം’ എന്ന വിശദീകരണവുമായി പിന്‍മാറ്റം. അന്ന് വിദ്യാ ബാലനുമായി അടുത്ത കേന്ദ്രങ്ങള്‍ നല്‍കിയ വിശദീകരണം ഇങ്ങനെയായിരുന്നു ‘വിദ്യക്ക് തിരക്കഥ വളരെ ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോഴും അഭിനയിക്കാന്‍ തയ്യാറാണ്. പക്ഷേ സ്‌ക്രിപ്റ്റില്‍ അവസാനനിമിഷം നടത്തിയ ചില കൂട്ടിച്ചേര്‍ക്കലുകളാണ് പ്രശ്‌നമായത്. എഴുത്തുകാരനും സംവിധായകനുമായി വിശദമായ ഒരു ചര്‍ച്ച നടത്താനോ കഥാപാത്രവുമായി ഇഴുകിച്ചേരാനോ പോലും കഴിഞ്ഞില്ല. കഥാപാത്രങ്ങളെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഠിനമായി അധ്വാനിക്കുന്ന അഭിനേത്രിയാണ് വിദ്യ. ആമിയില്‍ അഭിനയിക്കുന്നതിനേക്കുറിച്ച് ആവേശത്തിലായിരുന്നു. സെറ്റിലെത്തുന്നതിനു മുന്‍പേ വിദ്യ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കാറുണ്ട്. സിനിമ ഏറ്റെടുക്കുന്നതിന് മുമ്പ് തിരക്കഥാചര്‍ച്ചയിലും സംവിധായകനുമൊത്തുള്ള ചര്‍ച്ചയില്‍ അവര്‍ പങ്കുചേരാറുണ്ട്. ഇതൊന്നും ഒരു സിനിമയില്‍ അഭിനയിക്കുന്നതിനുള്ള സമ്മതം അറിയിക്കല്‍ അല്ല. അത്തരമൊരു സാഹചര്യമല്ല ആമി ടീമിനൊപ്പം ഉണ്ടായിരുന്നത്.
ഡിസംബര്‍ 19നു ചിത്രീകരണം ആരംഭിക്കാനിരിക്കേ അഞ്ച് ദിവസം മുന്‍പ്് വിളിച്ച് കഥാപാത്രവുമായി ഇഴുകിച്ചേരാന്‍ കഴിയുന്നില്ലെന്നും പകുതിമനസ്സാണെന്നും അറിയിക്കുകയായിരുന്നു. സിനിമയ്ക്കായുള്ള എല്ലാ തയ്യാറെടുപ്പുകള്‍ക്കും ശേഷം വിമാന ടിക്കറ്റുകള്‍ അയച്ചു കൊടുക്കുക വരെ ചെയ്തിരുന്നുവെന്നും കമല്‍ പറയുന്നു. സിനിമയ്ക്കായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി നടിയും അവതാരകയുമായ ശ്രീധന്യയെ വിദ്യയെ മലയാളം പഠിപ്പിക്കാനായി ഏല്‍പിച്ചിരുന്നു. കഥാപാത്ര വേഷവിധാനങ്ങളുമായി ചിത്രത്തിന്റെ ഫോട്ടോ ഷൂട്ട് മാധ്യമങ്ങളില്‍ വന്നിരുന്നു.
കഥാപാത്രം ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് വിദ്യയുമായി നേരിട്ട് സംസാരിക്കാനായി കമല്‍ ശ്രമം നടത്തി. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും മറ്റു ചിലരും വഴിയായിരുന്നു കമലിന്റെ ശ്രമം. ദേശീയഗാനവിവാദത്തെ തുടര്‍ന്ന് ബിജെപിയും കമലുമായുണ്ടായ പ്രശ്‌നങ്ങള്‍ മൂലം വിദ്യ ചിത്രത്തില്‍ നിന്ന് പിന്മാറിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. തിയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെത്തുടര്‍ന്ന് ബിജെപി കമലിന്റെ വീടിനുമുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. ദേശീയഗാനം പോലുള്ള വിവാദങ്ങളുടെ പേരിലാണു വിദ്യ പിന്‍മാറിയതെന്നു കരുതുന്നില്ല. അതിനു സാധ്യതയും കുറവാണ്. എന്നാല്‍, കമലാദാസിന്റെ മതം മാറ്റം പോലുള്ള വിഷയങ്ങള്‍ ചിത്രത്തിലുള്ളതിനെക്കുറിച്ചുള്ള ആശങ്കയാണോ വിദ്യയുടെ പിന്‍മാറ്റത്തിനു കാരണമെന്നു സംശയമുണ്ടെന്ന് കമല്‍ പറഞ്ഞിരുന്നു.
കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യര്‍ നായികയാകുന്ന കമല്‍ ചിത്രം കൂടിയാണ് ആമി. ഈ പുഴയും കടന്ന് എന്ന സിനിമയിലും കമലിന്റെ സംവിധാനത്തില്‍ മഞ്ജു അഭിനയിച്ചിരുന്നു. പൃഥ്വിരാജ്, മുരളി ഗോപി, അനൂപ് മേനോന്‍ എന്നിവരും ചിത്രത്തിലുണ്ട്. ബോളിവുഡ് ഗാനരചിതാവ് ജാവേദ് അക്തറാണ് സിനിമയ്ക്ക് വേണ്ടി ഗാനരചന നിര്‍വഹിക്കുന്നത്.
Discussion about this post