തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച്, കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് രൂപീകരിക്കുന്നതിനെതിരായ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലെ പ്രതിപക്ഷ സംഘടനകളിലെ ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു. കെഎഎസുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തങ്ങളുടെ ആവശ്യം പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് പണിമുടക്കിലേക്ക് നീങ്ങിയതെന്ന് ഭാരവാഹികള്‍ അറിയിച്ചു. സമരവുമായി മുന്നോട്ട് പോകുമെന്നും തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസ സമരം ആരംഭിക്കുമെന്നും സംയുക്തസമരസമിതി അറിയിച്ചിട്ടുണ്ട്. സമരം ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിനിടയിലാണ് പണിമുടക്കെന്നതും ശ്രദ്ധേയമാണ്.
കെഎഎസ് നടപ്പാക്കുന്നതിനെതിരെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്, കേരള ഫിനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷന്, ബിജെപി അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് എന്നിവര്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ജനുവരി അവസാനം മുതല്‍ സമരം ആരംഭിച്ചത്. സിപിഐഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്, സിപിഐ അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന് എന്നിവരും സമരത്തെ പ്രത്യക്ഷത്തില്‍ അല്ലാത്ത തരത്തില്‍ പിന്തുണക്കുന്നുണ്ട്. സെക്രട്ടറിയേറ്റിലെ 5250 ജീവനക്കാരില്‍ അസിസ്റ്റന്റ്, സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ്, അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസര്‍, സെക്ഷന്‍ ഓഫിസര്‍ എന്നീ തസ്തികകളിലെ 2500 പേരെയാണ് കെഎഎസ് നടപ്പിലാക്കിയാല്‍ സാരമായി ബാധിക്കുന്നത്. ഇതിനിടെ സമരം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി കൈക്കൊള്ളാനും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. സെക്രട്ടേറിയറ്റില്‍ നില്‍പ്പ് സമരം നടത്തുന്ന ജീവനക്കാര്‍ക്കെതിരെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് നടപടി എടുക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. പെന്‍ഡൗണ്‍ സ്ട്രൈക്ക് അടക്കമുളള സമരമാര്ഗങ്ങള്ക്കുശേഷമാണ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നേരത്തെ നില്‍പ്പ്സമരം ആരംഭിച്ചത്. സെക്രട്ടറിയേറ്റിലെ കോഫി ഹൗസിന്റെ പരിസരത്താണ് ഇവര്‍ രാവിലെ ഓഫിസ് സമയത്തെത്തി സമരത്തില്‍ അണിനിരന്നിരുന്നത്.
നടപടി നിര്‍ദേശത്തിന് പിന്നാലെ അനുനയ ശ്രമമെന്നവണ്ണം നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ കടുത്ത തീരുമാനങ്ങളുമായി സംയുക്ത സമരസമിതി മുന്നോട്ട് നീങ്ങുന്നതും. കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വീസിനെതിരെ സമരം ചെയ്ത സിപിഐഎം അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന് നടത്തിയ പ്രകടനത്തില്‍ പങ്കെടുത്ത രണ്ടുപേരെ നേരത്തെ മുഖ്യമന്ത്രി പഴ്സനല്‍ സ്റ്റാഫില്‍ നിന്നും പുറത്താക്കിയിരുന്നു.
Discussion about this post