ചെന്നൈ: തമിഴ്നാട്ടില്‍ എടപ്പാടി.കെ പളനി സ്വാമി ഇന്ന് വിശ്വാസ വോട്ടെടുപ്പ് നേരിടും. ഇന്ന് രാവിലെ 11ന് പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് വോട്ടെടുപ്പ് നടക്കുക. നിലവില്‍ മുഖ്യമന്ത്രിയായ പളനി സ്വാമി വിശ്വാസ പ്രമേയം അവതരിപ്പിക്കും. രഹസ്യ വോട്ടെടുപ്പ് അനുവദിക്കില്ലെന്നാണ് ഇന്നലെ സ്പീക്കറുടെ വാക്കുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞതിനാല്‍ പളനിസ്വാമി വിഭാഗത്തിന് ആശ്വസിക്കാം. രഹസ്യ വോട്ടെടുപ്പാണെങ്കില്‍ ഇരുപതോളം അണ്ണാ ഡി.എം.കെ എംഎല്‍എമാരുടെ നിലപാടില്‍ സംശയമുണ്ടായിരുന്നു ശശികലപളനി സ്വാമി വിഭാഗത്തിന്. പരസ്യവോട്ടെടുപ്പാണെങ്കില് എംഎല്‍എമാര്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ ഭയപ്പെടും എന്നാണ് ഇവര്‍ കരുതുന്നത്.
മറുകണ്ടം ചാടിയാല്‍ അയോഗ്യരാക്കുന്ന നടപടി സ്വീകരിക്കുന്നതിന് വേണ്ടി അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. അത് പളനിസ്വാമി വിഭാഗത്തിന്റെ കരുതലായായിട്ടാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇന്നലെ കൂവത്തൂര്‍ റിസോര്‍ട്ടില്‍ പളനിസ്വാമിയുടെ അദ്ധ്യക്ഷതയില്‍ എംഎല്‍മാരുടെ യോഗം ചേര്‍ന്നിരുന്നു.
അതേ സമയം കോയമ്പത്തൂര്‍ എംഎല്‍എ ശശികല പക്ഷം വിട്ട് പുറത്തു വന്നു. കോയമ്പത്തൂര്‍ നോര്‍ത്ത് എംഎല്‍എ പി.ആര്.ജി. അരുണ്‍കുമാറാണ് കൂവത്തൂരിലെ റിസോര്‍ട്ടില്‍ നിന്നു മടങ്ങിയത്. ഇന്നു നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്നും എംഎല്‍എ അറിയിച്ചു. എംഎല്‍എമാരെ നിയമസഭയിലേക്ക് കൊണ്ടുപോകുന്നതിനായി വാഹനവ്യൂഹം തയാറെടുക്കുന്നതിനിടെയാണ് അരുണ്‍ കുമാര്‍ റിസോര്‍ട്ട് വിട്ടത്. നാല് ബസുകളിലായാണ് എംഎല്‍എമാരെ നിയമസഭയിലേക്ക് കൊണ്ടുപോവുക. എഐഎഡിഎംകെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയായിരിക്കും എംഎല്‍എമാര്‍ കൂവത്തൂരില്‍ നിന്നും യാത്ര തിരിക്കുക.
അതേ സമയം ഒപിഎസ് വിഭാഗം വലിയ പ്രതീക്ഷയില്‍ തന്നെയാണ്. ഡിഎംകെ പിന്തുണയും തന്നോടൊപ്പമുള്ളവരുടെ പിന്തുണയും ഉറപ്പിച്ചാല്‍ പളനി സ്വാമി പക്ഷത്തു നിന്ന് എട്ട് എംഎല്‍എമാരുടെ പിന്തുണ മതിയെന്നതാണ് ഒപിഎസിന്റെ ആശ്വാസം. എന്നാല്‍ അത് സംഭവിക്കില്ലെന്നാണ് ശശികല വിഭാഗത്തിന്റെ ഇത് വരെയുള്ള ഉറപ്പ്.
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത നടപടി ചോദ്യം ചെയ്തുള്ള പനീര്‍ശെല്‍വം വിഭാഗത്തിന്റെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ശശികലയോട് വിശദീകരണം തേടിരുന്നു. പാര്‍ട്ടി പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി പനീര്‍ശെല്‍വം പക്ഷം നടത്തിയ നീക്കത്തില്‍ ചെറു ചലനമാണ് കമ്മിഷന്റെ നടപടി. വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തെരഞ്ഞെടുപ്പ് കമ്മിഷനില്‍നിന്നുള്ള നടപടി ശശികലപളനിസ്വാമി പക്ഷത്തില്‍ നേരിയ ആശങ്കയേറ്റി.
ശശികലയെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത നടപടി അംഗീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് വിസമ്മതിച്ചാല്‍ എഐഎഡിഎംകെയുടെ ഔദ്യോഗിക നിയന്ത്രണം പിടിച്ചെടുക്കാനുള്ള വഴി പനീര്‍ശെല്‍വം പക്ഷത്തിന് തെളിയും. പനീര്‍ശെല്‍വം വിഭാഗം പ്രസീഡിയം ചെയര്മാന് തെരഞ്ഞെടുത്ത ഇ മധുസൂദനന് ആണ് ശശികലയെ ജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം വിശ്വാസവോട്ടെടുപ്പില്‍ പ്രത്യക്ഷത്തില്‍ സ്വാധീനിക്കില്ലെങ്കിലും ശശികലയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കി പാര്‍ട്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടാല്‍ ഭാവിയെന്താകുമെന്ന ആശങ്ക എംഎല്‍എമാരില്‍ സൃഷ്ടിക്കാന്‍ അത് ഇടയാക്കും. ഈ ചാഞ്ചാട്ടത്തെ അവസാന മണിക്കൂറുകളില്‍ ഉപയോഗപ്പെടുത്താനുള്ള നീക്കങ്ങള്‍ പനീര്‍ശെല്‍വം ക്യാംപിലുണ്ട്. വിശ്വാസ വോട്ട് നേടിയെടുക്കാന്‍ എംഎല്‍എമാരെ ഉറപ്പിച്ച് നിര്‍ത്താന്‍ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയും സംഘവും തീവ്രശ്രമത്തിലാണ്. നേരിയ ചാഞ്ചാട്ടം പോലും വിശ്വാസ വോട്ട് പരാജയപ്പെടുത്താന്‍ ഇടയാക്കു.
വിശ്വാസവോട്ടില്‍ പളനിസ്വാമി സര്‍ക്കാരിനെ എതിര്‍ക്കുമെന്ന് ഡിഎംകെ വ്യക്തമാക്കി. എന്നാല്‍, കോണ്‍ഗ്രസ് അവസാന മണിക്കൂറില്‍ മാത്രമേ അന്തിമ തീരുമാനം വ്യക്തമാക്കൂ. പളനിസ്വാമി സര്‍ക്കാരിനെ എതിര്‍ത്ത് കോണ്‍ഗ്രസ് വോട്ട് ചെയ്യുമെന്ന മാധ്യമ വാര്‍ത്തകളോട് അനുകൂലമായി പ്രതികരിക്കാന്‍ തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ തിരുനാവക്കരസര്‍ തയ്യാറായില്ല. എംഎല്‍എമാരുടെ യോഗത്തിന് ശേഷവും അന്തിമ തീരുമാനം കോണ്‍ഗ്രസ് കൈക്കൊണ്ടില്ല. വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി രാവിലെ ഒമ്പതിന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ വീണ്ടും യോഗം ചേര്‍ന്നാണ് അന്തിമ തീരുമാനമെടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു. എട്ട് എംഎല്‍എമാരാണ് തമിഴ്നാട് സഭയില്‍ കോണ്‍ഗ്രസിനുള്ളത്.
സര്‍ക്കാരിനെതിരായി വോട്ട് ചെയ്യുമെന്ന് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എംകെ സ്റ്റാലിന് വ്യക്തമാക്കിയിട്ടുണ്ട്. രഹസ്യവോട്ടെടുപ്പിനെ ഡിഎംകെ സ്വാഗതം ചെയ്യുന്നുവെന്നും സ്റ്റാലിന് അറിയിച്ചു.
Discussion about this post