കൊച്ചി: ലോ അക്കാദമി ലോ കോളജ് സമരത്തില്‍ പിണറായി സര്‍ക്കാരിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സമരത്തെ ബിജെപി മുതലെടുത്തെങ്കില്‍ അതിനു കാരണം സര്‍ക്കാരിന്റെ നിസ്സംഗതയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എപ്പോഴും തങ്ങളാണു ശരിയെന്ന നിലപാട് അവര്‍ തിരുത്തണമെന്നും കാനം രാജേന്ദ്രന് പറഞ്ഞു. ബിജെപി ബന്ധമെന്ന ഉമ്മാക്കി കാട്ടി സിപിഐയെ പേടിപ്പിക്കേണ്ട. സമരം തുടങ്ങി 14 ദിവസം കഴിഞ്ഞപ്പോഴാണ് ബിജെപി നേതാവ് വി.മുരളീധരന് അവിടെ സമരത്തിനെത്തിയത്. അതിനുമുന്‍പു തന്നെ സമരം തീര്‍ക്കാന്‍ സര്‍ക്കാരിനു കഴിയുമായിരുന്നു. ഇനിയെങ്കിലും തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കാനം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരാവകാശ നിയമം സംബന്ധിച്ച നിലപാടും സിപിഐ വ്യക്തമാക്കി. മന്ത്രിസഭാ തീരുമാനം പരസ്യമാക്കണമെന്ന അഭിപ്രായത്തില്‍ നിന്നു പിന്നോട്ടില്ല. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നീക്കം എല്‍ഡിഎഫ് നയത്തിന് എതിരാണ്. വിവരാവകാശ ഉത്തരവ് പിന്‍വലിക്കണമെന്ന ഹൈക്കോടതിയിലെ നിലപാട് ശരിയല്ല. ഇക്കാര്യം മുന്നണിയില്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്തില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. വിവരാവകാശ നിയമ ഉത്തരവ് പിന്‍വലിക്കണമെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ പുറത്തുവിടണ്ടെന്ന നിലപാട് കോടതി പ്രഖ്യാപിക്കണമെന്നുമാണ് സിപിഎമ്മിന്റെ ആവശ്യം. സുതാര്യമായി പോകണമെന്നു ഭരണകൂടത്തിന് താല്പര്യമില്ല. അച്ചടക്കമെന്നാല്‍ അടിമത്തമല്ലെന്നും കാനം മുന്നറിയിപ്പ് നല്കി.
Discussion about this post