ജയ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന രാജസ്ഥാനിൽ നേതൃമാറ്റവുമായി ബിജെപി. എബിവിപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ ചിറ്റോർഗഢ് എംപി സിപി ജോഷി പുതിയ സംസ്ഥാന അധ്യക്ഷനാകും. നിലവിലെ അധ്യക്ഷനായ സതീഷ് പൂനിയ മൂന്ന് വർഷത്തെ കാലാവധി തികച്ചതിനെ തുടർന്നാണ് പുതിയ അധ്യക്ഷനെ നിയോഗിച്ചത്. അതേസമയം ഇക്കൊല്ലം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വരെ സതീഷ് പൂനിയ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്നും ബിജെപി നേതൃത്വം അറിയിച്ചു.
ആർഎസ്എസുമായി ഏറെ അടുപ്പമുളള നേതാവാണ് സിപി ജോഷി. അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുളള കോൺഗ്രസ് ഭരണം അവസാനിപ്പിച്ച് ഇക്കുറി രാജസ്ഥാനിൽ വലിയ തിരിച്ചുവരവിനാണ് ബിജെപി കളമൊരുക്കുന്നത്. പുതിയ നേതൃമാറ്റം ഈ ശ്രമങ്ങൾക്ക് കരുത്തേകുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷ.
2014 ലും 2019 ലും ചിറ്റോർഗഢിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിപി ജോഷി ബിജെപിയുടെ യുവജന പ്രസ്ഥാനമായ യുവമോർച്ചയുടെ സംസ്ഥാന അദ്ധ്യക്ഷനായിരുന്നു. രാജസ്ഥാൻ രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകൾ അറിയുന്ന നേതാവ് കൂടിയാണ് സിപി ജോഷി. ബിജെപിയുടെ പതിനഞ്ചാം സംസ്ഥാന അധ്യക്ഷനായിട്ടാണ് സിപി ജോഷി നിയമിതനാകുന്നത്.
2019 സെപ്തംബർ 15 നാണ് സതീഷ് പൂനിയ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി നിയമിതനായത്. സച്ചിൻ പൈലറ്റ്, അശോക് ഗെഹ്ലോട്ട് പോരും സർക്കാരിനെതിരായ ജനവികാരവും രൂക്ഷമായ രാജസ്ഥാനിൽ ഭരണത്തിലേക്ക് തിരിച്ചെത്താൻ ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇതെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.
Discussion about this post