കോഴിക്കോട്: അരിക്കൊമ്പൻ ആണെന്ന് വിചാരിച്ചാണ് ബിജെപി അനിൽ ആന്റണിയെ പിടിച്ചതെന്നും കുഴിയാനയാണെന്ന് കാണാൻ പോകുന്നതേയുളളൂവെന്നും കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെ നടക്കുന്ന സംഭവങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ സുധാകരൻ. എകെ ആന്റണിക്കെതിരെ നടക്കുന്ന സൈബർ ആക്രമണം പാർട്ടി വിരുദ്ധമാണെന്നും സുധാകരൻ പറഞ്ഞു.
ആന്റണിയെക്കുറിച്ച് മോശമായി ആരെങ്കിലും സംസാരിച്ചിട്ടുണ്ടെങ്കിൽ അത് പാർട്ടി വിരുദ്ധമാണെന്ന് കെപിസിസി അദ്ധ്യക്ഷനെന്ന നിലയിൽ ഞാൻ പറയും. കോൺഗ്രസിന് വേണ്ടി ആന്റണി ചെയ്ത ത്യാഗോജ്ജ്വലമായ ജീവിതവും പ്രവർത്തനവും മറക്കാൻ സാധിക്കില്ല. കോൺഗ്രസിന്റെ ചരിത്രത്തിൽ അത് എന്നും തിളങ്ങുന്ന അദ്ധ്യായമാണ്. ആന്റണിയെ വില കുറച്ച് കാണിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ കെപിസിസി ശക്തിയുക്തം എതിർക്കുമെന്നും നടപടിയെടുക്കുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
കേരളത്തെക്കുറിച്ചുളള അമിത് ഷായുടെ വാക്കുകൾ ചൂണ്ടിക്കാണിച്ചപ്പോൾ അമിത് ഷായുടെ പ്രതീക്ഷ നല്ലതാണെന്നും ആത്മവിശ്വാസം ആവശ്യമാണെന്നുമായിരുന്നു സുധാകരന്റെ മറുപടി. അമിത് ഷാ വിശ്വസിക്കുന്നതൊന്നും സംഭവിക്കാൻ പോകുന്നില്ലെന്നാണ് വരാൻ പോകുന്ന സത്യമെന്നും കെപിസിസി അദ്ധ്യക്ഷൻ പറഞ്ഞു.
അനിലിന്റെ പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് എംവി ജയരാജന്റെ വാക്കുകൾക്കും കെ സുധാകരൻ മറുപടി നൽകി. വായിൽ തോന്നിയത് കോതയ്ക്ക് പാട്ടെന്ന് പറഞ്ഞ് വിളിച്ചുപറയുന്ന ജയരാജന്റെ വാക്കുകളോട് പ്രതികരിക്കുന്നത് തന്നെ തനിക്ക് നാണക്കേടാണെന്ന് ആയിരുന്നു മറുപടി. ജയരാജൻ എന്റെ രാഷ്ട്രീയ ഗുരുവാണല്ലോ അദ്ദേഹം പറയുന്നത് അനുസരിക്കാനല്ലേ സാധിക്കൂവെന്നും കെ സുധാകരൻ പരിഹസിച്ചു. അനിൽ ആന്റണിയെ ബിജെപിയിലേക്ക് അയച്ചത് സുധാകരന് ബിജെപിയിലെ സ്ഥാനം ഉറപ്പിക്കാൻ വേണ്ടിയാണെന്ന് ആയിരുന്നു ജയരാജന്റെ വാക്കുകൾ.












