റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് കമ്യൂണിസ്റ്റ് ഭീകരർ. ഐഇഡി ആക്രമണത്തിൽ ജവാൻ വീരമൃത്യുവരിച്ചു. നാരായൺപൂർ ജില്ലയിൽ ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.
ഛത്തീസ്ഗഡ് ആംഡ് ഫോഴ്‌സിലെ ഹെഡ്‌കോൺസ്റ്റബിൾ സഞ്ജയ് ലഖ്രയാണ് വീരമൃത്യുവരിച്ചത്. അർദ്ധരാത്രി കമ്യൂണിസ്റ്റ് ഭീകരർ പ്രദേശത്ത് ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു. ഇത് കണ്ട നാട്ടുകാർ വിവരം സുരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സഞ്ജയ് ലഖ്രയുൾപ്പെട്ട സിഎഎഫ് 16ാം ബറ്റാലിയനിലെ സേനാംഗങ്ങൾ സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു. ഇതിനിടെ ഭീകരർ സ്ഥാപിച്ച ഐഇഡിയിൽ സഞ്ജയ് അബദ്ധത്തിൽ ചവിട്ടുകയായിരുന്നു.
ഇതോടെ ഐഇഡി പൊട്ടിത്തെറിച്ചു. ഗുരുതരമായി പരിക്കേറ്റ സഞ്ജയ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഐഇഡി പൊട്ടിത്തെറിച്ച് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. സഞ്ജയുടെ ഭൗതിക ദേഹം അടുത്തുള്ള ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ശനിയാഴ്ച മാത്രം കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ നാല് സുരക്ഷാ സേന അംഗങ്ങളാണ് വീരമൃത്യുവരിച്ചത്. സുക്മ ജില്ലയിൽ കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ മൂന്ന് ജവാന്മാരും, ബഡേ ടേവ്ഡയിൽ കമ്യൂണിസ്റ്റ് ഭീകരരുടെ വെടിയേറ്റ് ഒരു ജവാനുമാണ് വീരമൃത്യുവരിച്ചത്.
Discussion about this post