ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അനുകൂലിച്ച് ബാനറുകളും പോസ്റ്ററുകളും പതിപ്പിച്ച സംഭവത്തിൽ ഡൽഹിയിലെ സർക്കാർ സ്‌കൂളിനെതിരെ കേസ്. പ്രദേശവാസികൾ നൽകിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. കഴിഞ്ഞ ദിവസമാണ് സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി സിസോദിയയെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പതിപ്പിച്ചത്.
‘ ഐ ലവ് മനീഷ് സിസോദിയ’ എന്നെഴുതിയ പോസ്റ്ററുകൾ ആയിരുന്നു സ്‌കൂളിലെ ഗേറ്റിന് മുൻപിൽ പതിപ്പിച്ചിരുന്നത്. സിസോദിയയെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ വിദ്യാർത്ഥികളുടെ കൈവശവും ഉണ്ടായിരുന്നു. സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി കോർഡിനേറ്ററും പ്രിൻസിപ്പാളുമാണ് പോസ്റ്ററുകളും ബാനറുകളും പതിപ്പിക്കാൻ നേതൃത്വം നൽകിയത്. വിദ്യാർത്ഥികൾക്കൊപ്പം സിസോദിയയെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്ററുകളുമായി ഇവരും സ്‌കൂളിന് മുൻപിൽ നിലയുറപ്പിച്ചിരുന്നു. അഴിമതിക്കാരനായ സിസോദിയയെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്ററുകൾ കണ്ട രക്ഷിതാക്കളും പ്രദേശവാസികളും അപ്പോൾ തന്നെ ഇക്കാര്യം ചോദ്യം ചെയ്തിരുന്നു.
ആംആദ്മി എംഎൽഎ അബ്ദുൾ റഹ്മാന്റെ നിർദ്ദേശ പ്രകാരമാണ് പോസ്റ്ററുകളും ബാനറുകളും പതിപ്പിച്ചത് എന്നായിരുന്നു പ്രിൻസിപ്പാൾ പറഞ്ഞത്. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം പ്രതിഷേധവുമായി രക്ഷിതാക്കളും പ്രദേശവാസികളും എത്തിയതോടെ പോസ്റ്ററുകൾ എടുത്ത് മാറ്റി.
Discussion about this post