അഹമ്മദാബാദ്: പാന്റ്‌സിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഭയന്ന യുവാവിന് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് താഴെ വീണ് പരിക്കേറ്റു. അഹമ്മദാബാദിലെ ചന്ദ്‌ഖേഡയിൽ നിന്നുളള 19 കാരൻ മൻസൂഖ് ബരിയയ്ക്കാണ് പരിക്കേറ്റത്.
കൺസ്ട്രക്ഷൻ സൈറ്റിലെ തൊഴിലാളിയായിരുന്നു മൻസൂഖ്. ഫോൺ പോക്കറ്റിലിട്ട്് ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഇത് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ഭയചികിതനായ ഇയാൾ പണി നടന്നുകൊണ്ടിരുന്ന ഒന്നാം നിലയിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു.
ഇയാളുടെ തലയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. തലയ്ക്ക് അഞ്ച് സ്റ്റിച്ചും കാലിന് പൊട്ടലും സംഭവിച്ചതായി ഡോക്ടർമാർ പറഞ്ഞു. ഏഴ് മാസം മുൻപ് വാങ്ങിയ മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്.
15,000 രൂപയായിരുന്നു മൊബൈലിന്റെ വില. പുതിയ മോഡൽ വിപണിയിൽ ഇറങ്ങിയ ഉടനെ വാങ്ങുകയായിരുന്നുവെന്ന് മൻസൂഖിന്റെ സഹോദരൻ പറഞ്ഞു. മൊബൈൽ ഫോൺ പൂർണമായി തകർന്ന നിലയിലാണ്.ഫോൺ അമിതമായി ചാർജ്ജ് ചെയ്തതോ അധികമായി ചൂടായതോ അല്ല പൊട്ടിത്തെറിക്കാൻ കാരണമെന്ന് ഇവർ പറയുന്നു.
Discussion about this post