യാത്രാപ്രതിസന്ധി പരിഹരിക്കാനാകാതെ ഉഴലുന്ന വിമാനക്കമ്പനി ഇൻഡിഗോയ്‌ക്കെതിരെ കർശന നടപടിയുമായി കേന്ദ്രസർക്കാർ. പത്തുശതമാനം സർവ്വീസുകൾ വെട്ടികുറയ്ക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ദിവസവും 2,200-ഓളം സർവീസുകൾ നടത്തുന്ന വിമാനക്കമ്പനിയാണ് ഇൻഡിഗോ. പത്തുശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കുന്നതോടെ 200-ലധികം വിമാനസർവീസുകൾ നിർത്തിവയ്ക്കേണ്ടിവരും.
നിലവിൽ വിമാനസർവീസുകൾ സാധാരണനിലയിലായെന്നും പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുണ്ടെന്നും ഇൻഡിഗോ അവകാശപ്പെട്ടെങ്കിലും കേന്ദ്രസർക്കാർ നടപടിയുമായി മുന്നോട്ടുപോവുകയായിരുന്നു. ഇൻഡിഗോയുടെ ഉന്നത ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത യോഗത്തിന് പിന്നാലെയാണ് പത്തുശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അറിയിച്ചു.ടിക്കറ്റ് നിരക്കിന്റെ പരിധി ഉൾപ്പെടെയുള്ള നിർദേശങ്ങൾ കർശനമായി പാലിക്കാൻ ഇൻഡിഗോയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.
പ്രതിസന്ധിയിലായ എയർലൈൻ വീണ്ടും പ്രവർത്തനക്ഷമമായെന്നും, എല്ലാ ഉപഭോക്തൃ പ്രശ്നങ്ങളും പരിഹരിക്കുന്നത് തുടരുകയാണെന്നും സിഇഒ എൽബേഴ്സ് നേരത്തെ അവകാശപ്പെട്ടിരുന്നു. ‘ഇൻഡിഗോ വീണ്ടും പഴയ നിലയിലെത്തി, ഞങ്ങളുടെ പ്രവർത്തനങ്ങൾ സുസ്ഥിരമാണ്. ഒരു വലിയ പ്രവർത്തന തടസ്സം സംഭവിച്ചപ്പോൾ ഞങ്ങൾ നിങ്ങളെ നിരാശപ്പെടുത്തി, അതിൽ ഞങ്ങൾ ഖേദിക്കുന്നു,’ എൽബേഴ്സ് ചൊവ്വാഴ്ച ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.











Discussion about this post