ഷില്ലോങ്; മേഘാലയയെ പഞ്ചനക്ഷത്ര സംസ്ഥാനമാക്കി മാറ്റുമെന്ന് കോൺഗ്രസ് വാ്ഗ്ദാനം. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കോൺഗ്രസിന്റെ വാഗ്ദാനം. മേഘാലയയെ രാജ്യത്തെ ഏറ്റവും വലിയ വികസിത സംസ്ഥാനങ്ങളിൽ ഒന്നാക്കി മാറ്റുമെന്നാണ് കോൺഗ്രസ് നൽകുന്ന ഉറപ്പ്. ഇതിനായി അഞ്ച് വാഗ്ദാനങ്ങളും കോൺഗ്രസ് മുന്നോട്ടുവെച്ചിട്ടുണ്ട്.
ഓരോ കുടുംബത്തിലും അർഹരായ ഒരാൾക്കെങ്കിലും ജോലി, തടസമില്ലാത്ത വൈദ്യുതി, സംസ്ഥാനത്ത് നിന്നും തൊഴിലാളികളുടെ കുടിയേറ്റം തടയും, ഒറ്റയ്ക്ക് അതിജീവിക്കേണ്ടി വരുന്ന ബിപിഎൽ കുടുംബങ്ങളിലെ അമ്മമാർക്ക് ഓരോ മാസവും ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി 3000 രൂപ തുടങ്ങിയ നിർദ്ദേശങ്ങളാണ് കോൺഗ്രസ് അവതരിപ്പിക്കുന്നത്.
ബിപിഎൽ കുടുംബങ്ങളിൽ അതിജീവനത്തിനായി ഒറ്റയാൾ പോരാട്ടം നടത്തുന്ന അമ്മമാർക്ക് 3000 രൂപ നൽകുന്നതിലൂടെ വനിതാ ശക്തീകരണം സാദ്ധ്യമാകുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. സാമ്പത്തിക സ്വാതന്ത്ര്യവും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ വീട് നോക്കാനും അവർക്ക് സാധിക്കും. കുട്ടികളുടെ ഫീസ് നൽകാനും പഠന ആവശ്യങ്ങൾക്കും ഈ തുക വിനിയോഗിക്കാനാകുമെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
തൊഴിലില്ലാത്ത ചെറുപ്പക്കാർ ജീവിക്കാനായി ഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലേക്ക് ചേക്കേറുകയാണ്. മേഘാലയയെ മയക്കുമരുന്ന് രഹിത സംസ്ഥാനമാക്കി മാറ്റുമെന്നും അഴിമതി രഹിതമാക്കുമെന്നും വാഗ്ദാനമുണ്ട്.
പാർട്ടിയുടെ ഷില്ലോങിലെ ഓഫീസിൽ വെച്ചാണ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പുറത്തുവിട്ടത്. ബിജെപി -എൻപിപി സർക്കാർ മോശം ഭരണമാണ് സംസ്ഥാനത്ത് നടത്തുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറിയും മേഘാലയയുടെ പാർട്ടി ചുമതലയുളള നേതാവുമായ മനീഷ് ചത്രാത്ത് ആരോപിച്ചു. വികസന പ്രവർത്തനങ്ങളും മറ്റും നടപ്പിലാക്കിയതിന്റെ ഫയലുകൾ പദ്ധതി പൂർത്തീകരിച്ച് ഫയൽ ക്ലോസ് ചെയ്ത് ആറ് മാസത്തിന് ശേഷം സർക്കാർ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുമെന്ന വാഗ്ദാനവും കോൺഗ്രസ് മുന്നോട്ടുവെയ്ക്കുന്നുണ്ട്.
Discussion about this post