ഷില്ലോംഗ്: മേഘാലയയിൽ പുതിയ സർക്കാരിന്റെ ചിത്രം തെളിയുന്നു. 32 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചുവെന്നും നാഷണൽ പീപ്പിൾസ് പാർട്ടി നേതാവ് കോൺറാഡ് സാംഗ്മ പറഞ്ഞു. 31 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് മെത്ബ ലിങ്‌ദോ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോൺറാഡ് സാംഗ്മ സർക്കാർ രൂപീകരിക്കാൻ ഗവർണർ തങ്ങളെ ക്ഷണിച്ചതായി വ്യക്തമാക്കിയത്.
ഈ മാസം ഏഴിന് 11 മണിക്ക് രാജ്ഭവനിൽ സത്യപ്രതിജ്ഞ നടക്കുമെന്നും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഉൾപ്പെടെ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും കോൺറാഡ് സാംഗ്മ പറഞ്ഞു. 60 അംഗ സഭയിൽ 31 എംഎൽഎമാരുടെ പിന്തുണയാണ് സർക്കാരുണ്ടാക്കാൻ വേണ്ടത്. വെളളിയാഴ്ച വൈകിട്ടാണ് പുതിയ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് കോൺറാഡ് സാംഗ്മ ഗവർണർ ഭഗു ചൗഹാനെ സന്ദർശിച്ചത്.
എൻപിപിയിലെ 26 എംഎൽഎമാരും ബിജെപിയിലെ രണ്ട് എംഎൽഎമാരും ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയിലെ രണ്ട് എംഎൽഎമാരും രണ്ട് സ്വതന്ത്രരുമാണ് പിന്തുണച്ചത്. എന്നാൽ ഇതിന് പിന്നാലെ ആർക്കും പിന്തുണ നൽകാൻ എംഎൽഎമാരെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പ്രസ്താവന ഇറക്കിയതോടെ ആശയക്കുഴപ്പവും തലപൊക്കി.
ഇതിന് പിന്നാലെയാണ് 31 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ട് മെത്ബ ലിങ്‌ദോ രംഗത്തെത്തിയത്. യുഡിപി, തൃണമൂൽ കോൺഗ്രസ്, പിഡിഎഫ്, കോൺഗ്രസ്, എച്ച്എസ്പിഡിപി എന്നിവരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടാണ് മെത്ബ ലിങ്‌ദോ സർക്കാരുണ്ടാക്കാൻ അംഗബലമുണ്ടെന്ന് അവകാശപ്പെട്ടത്. യുഡിപിക്ക് 11 സീറ്റുകളും കോൺഗ്രസിന് അഞ്ച് സീറ്റുകളും കോൺഗ്രസിന്റെ മുൻ എംഎൽഎമാരുമായി മത്സരിച്ച തൃണമൂൽ കോൺഗ്രസിന് അഞ്ച് സീറ്റുകളുമാണ് ഉളളത്. പിഡിഎഫ്, എച്ച്എസ്പിഡിപി എന്നിവർക്ക് രണ്ട് സീറ്റുകൾ വീതമുണ്ട്.
എൻപിപിയുടെ നേതൃത്വത്തിൽ ബിജെപിയുമായും സ്വതന്ത്രരുമായും ചേർന്ന് സർക്കാരുണ്ടാക്കുമെന്ന് മുൻ ഉപമുഖ്യമന്ത്രിയും എംഎൽഎയുമായ പ്രിസ്റ്റൺ ടിൻസോങ്ങും സ്ഥിരീകരിച്ചു. അതിനിടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചിലയിടങ്ങളിൽ ഉണ്ടായ സംഘർഷത്തെയും നേതാക്കൾ അപലപിച്ചു.
Discussion about this post