ലണ്ടൻ: തലയിൽ മുടിയില്ലാത്തതിനെ ചൊല്ലി കമ്പനി ജോലിയിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാരന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. ലീഡ്‌സിലാണ് സംഭവം. നഷ്ടപരിഹാരമായി 70 ലക്ഷം രൂപ നൽകാനാണ് ഉത്തരവ്.
61 വയസ്സുകാരനായ മാർക് ജോനസിനെയാണ് മുടിയില്ലാത്തതിനെ തുടർന്ന് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. ലീഡ്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാൻഗോ നെറ്റ്‌വർക്കിലെ സെയിൽസ് ഡയറക്ടർ ആയിരുന്നു അദ്ദേഹം. 60,000 യൂറോയായിരുന്നു അദ്ദേഹത്തിന് പ്രതിവർഷം ശമ്പളമായി ലഭിച്ചിരുന്നത്. എന്നാൽ തലയിലെ മുടി മുഴുവനായി പോയതിനെ തുടർന്ന് ജോനസിനോട് രാജിവയ്ക്കാൻ മാനേജറായ ഫിലിപ് ഹെസ്‌കെത് നിർദ്ദേശിക്കുകയായിരുന്നു.
എന്നാൽ ഇത് ചെയ്തില്ല. ഇതേ തുടർന്ന് ജോനസ് പുറത്താക്കപ്പെട്ടു. ഏകദേശം രണ്ട് വർഷത്തോളമാണ് ജോനസ് ഇവിടെ ജോലി ചെയ്തത്. പുറത്താക്കപ്പെട്ടതിന് പിന്നാലെ തന്റെ തൊഴിൽ അവകാശങ്ങൾ നിഷേധിക്കപ്പെട്ടെന്നും അനീതി കാണിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. ജോനസിന്റെ ഹർജി പരിഗണിച്ച കോടതി മുടിയില്ലാത്തത് ആരെയും പിരിച്ചുവിടാനുള്ള കാരണം അല്ലെന്ന് അഭിപ്രായപ്പെട്ടു. തുടർന്ന് 70 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.
Discussion about this post