ചണ്ഡീഗഡ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സംസാരിക്കുമ്പോൾ അൽപ്പം കൂടി ഉത്തരവാദിത്വം കാണിക്കണമെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ. ലണ്ടനിൽ കേന്ദ്രത്തിനും ആർഎസ്എസിനുമെതിരെ രാഹുൽ നടത്തിയ അപക്വമായ പ്രസ്താവനകളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയെ ജയിലാക്കി മാറ്റിയവരാണ് ജനാധിപത്യം തകർന്നെന്ന് പറഞ്ഞ് വിലപിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. അഖില ഭാരതീയ പ്രതിനിധി സഭയുടെ ഭാഗമായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ലണ്ടനിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളെല്ലാം രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയാണ്. എന്നാൽ ആർഎസ്എസ് അങ്ങനെയല്ല. സമൂഹത്തെ എങ്ങനെയാണ് ആർഎസ്എസ് ഉൾക്കൊള്ളുന്നതെന്ന വസ്തുത തിരിച്ചറിയണം. സംസാരിക്കുമ്പോൾ രാഹുൽ ഗാന്ധിയ്ക്ക് കുറച്ചു കൂടി ഉത്തരവാദിത്വം കാണിക്കാം. ഒരു രാഷ്ട്രീയക്കാരൻ ഇത് അറിഞ്ഞിരിക്കണമെന്നും ഹൊസബാളെ വ്യക്തമാക്കി.
ഇന്ത്യയിൽ ജനാധിപത്യം തകർന്നുകൊണ്ടിരിക്കുകയാണെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. കോൺഗ്രസ് ഭരണം രാജ്യത്തെ ജയിലറയാക്കി. ഇത്തരത്തിൽ രാജ്യത്തെ ജയിലാക്കി മാറ്റിയവരാണ് ജനാധിപത്യം തകർന്നുവെന്ന് വിലപിക്കുന്നത്. ഇത്തരം പരാമർശത്തോട് കൂടുതലായി ഒന്നും പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post