ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.’എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ നേരുന്നു. ദീപാവലി പ്രകാശവും പ്രസരിപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ മഹത്തായ ഉത്സവം നമ്മുടെ ജീവിതത്തില്‍ സന്തോഷത്തിന്റെയും ക്ഷേമത്തിന്റെയും ചൈതന്യം വര്‍ദ്ധിപ്പിക്കട്ടെ. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം നിങ്ങള്‍ക്ക് ഒരു അത്ഭുതകരമായ ദീപാവലി ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, എല്ലാവര്‍ക്കും ആരോഗ്യത്തോടെ ഇരിക്കാന്‍ സാധിക്കട്ടെ എന്നും പ്രാര്‍ത്ഥിച്ചുക്കൊള്ളുന്നു. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു അദ്ദേഹം ആശംസകള്‍ അറിയിച്ചത്.
എല്ലാ വര്‍ഷവും കാര്‍ത്തിക മാസത്തിലെ അമാവാസിക്കാണ് ദീപാവലി ആചരിക്കുന്നത്. ഈ ഉത്സവം ‘വിളക്കുകളുടെ ഉത്സവം’ എന്നും അറിയപ്പെടുന്നു. ഇത് ഇരുട്ടിന്റെ മേല്‍ വെളിച്ചത്തിന്റെയും തിന്മയുടെ മേല്‍ നന്മയുടെയും വിജയത്തിന്റെ പ്രതീകമാണ്. അതിനാല്‍, ഈ ഉത്സവത്തിന് സാംസ്‌കാരികവും ആത്മീയവുമായ പ്രാധാന്യമുണ്ട്.
ശനിയാഴ്ച രാത്രി അയോദ്ധ്യയില്‍ നടന്ന ദീപോത്സവത്തില്‍ 22.23 ലക്ഷം മണ്‍വിളക്കുകള്‍ തെളിയിച്ചു. പുതിയ ഗിന്നസ് റെക്കോഡ് കുറിക്കുന്നതായിരുന്നു ഈ ദീപക്കാഴ്ച. ഇക്കൊല്ലം ശിവരാത്രി ദിനത്തില്‍ ഉജ്ജയിനില്‍ കൊളുത്തിയ 18 ലക്ഷം ദീപങ്ങളുടെ റെക്കോഡാണ് ദീപാവലി ഉത്സവത്തില്‍ അയോദ്ധ്യ തിരുത്തിക്കുറിച്ചത്.
മറ്റ് കേന്ദ്രമന്ത്രിമാരും രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസ നേര്‍ന്നിട്ടുണ്ട്. വെളിച്ചത്തിന്റെ ഉത്സവം പുതിയ പ്രകാശം പരത്തട്ടെയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശംസിച്ചു. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും നല്ല ആരോഗ്യവും സന്തോഷവും നല്‍കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
Discussion about this post