അങ്കാര: തുർക്കിയിലുണ്ടായ ഭൂചലനത്തിൽ മൂന്ന് മരണം. 213 പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ടോടെയാണ് ദുരന്തഭൂമിയായി മാറിയ തുർക്കിയെ നടുക്കി വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ പരിക്കുകൾ ഗുരുതരമാണെന്നാണ് സൂചന. ആയതിനാൽ മരണ സംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യതയെന്ന് അധികൃതർ അറിയിച്ചു. ഭൂചലനത്തിൽ മൂന്ന് കെട്ടിടങ്ങൾ നിലംപൊത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അഞ്ച് പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. ഇവിടെ രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.
വൈകീട്ട് റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഹതായ് പ്രവിശ്യയിലെ ഡിഫ്‌നിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഈ മാസം 6 ന് വൻ ആൾനാശം വിതച്ച ഭൂചലനത്തിന്റെ പ്രഭവകേന്ദ്രവും ഇവിടമാണ്.
അതേസമയം നേരത്തെയുണ്ടായ ഭൂചലനത്തിൽ തുടർന്നിരുന്ന രക്ഷാ പ്രവർത്തനങ്ങൾ നിർത്തിവച്ചു. രണ്ടാഴ്ച പിന്നിട്ട സാഹചര്യത്തിലാണ് നിർത്തിവയ്ക്കുന്നത്. ഇതുവരെ 45,000 ത്തിലധികം പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. രണ്ട് ലക്ഷത്തോളം കെട്ടിടങ്ങളാണ് ഭൂചലനത്തിൽ തുർക്കിയിൽ നിലം പൊത്തിയത്.
Discussion about this post