തിരുവനന്തപുരം: എലത്തൂരിൽ ട്രെയിനിലെ തീവെയ്പ് ആസൂത്രിത ഭീകരാക്രമണമായിട്ടാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. തീവണ്ടിക്ക് തീ കൊടുക്കുക എന്ന ഒരു ഭീകരപ്രവർത്തനമാണ് അതിന് പിന്നിൽ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയരാജൻ.
കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരം സംഭവത്തിന്റെ യാതൊരു സാദ്ധ്യതയുമില്ല. അതുകൊണ്ടു തന്നെ ഇതിന് പിന്നിലുള്ള കാര്യങ്ങൾ അടുത്ത ദിവസങ്ങളിലായി മനസിലാക്കാൻ കഴിയുമെന്നാണ് തോന്നുന്നതെന്നും ഇപി ജയരാജൻ പരഞ്ഞു.
സർക്കാർ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് കുറ്റവാളികളെ കണ്ടെത്താനുളള നടപടി സ്വീകരിച്ചുവരികയാണ്. എല്ലാ രംഗങ്ങളിലും നമ്മുടെ ജാഗ്രത ഉണ്ടാകണം. കേരളത്തിലെ സമാധാനം തകർക്കാനാണ് ഇത്തരം ശ്രമങ്ങളെന്നും എൽഡിഎഫ് കൺവീനർ കൂട്ടിച്ചേർത്തു.
ഇന്നലെ രാത്രിയിലാണ് ആലപ്പുഴ കണ്ണൂർ എക്‌സ്പ്രസിൽ തീവെച്ച ശേഷം അജ്ഞാതൻ ചങ്ങല വലിച്ച് രക്ഷപെട്ടത്. ട്രെയിനിലുണ്ടായിരുന്ന കണ്ണൂർ മട്ടന്നൂർ പാലോട്ടുപളളി ബദ് രിയ മൻസിലിൽ റഹ്മത്ത് ഇവരുടെ സഹോദരി ജസീലയുടെ മകൾ സഹറ, നൗഫീഖ് എന്നിവരെ സംഭവത്തിന് ശേഷം ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു ട്രെയിനിൽ തീ പടർന്നതോടെ പരിഭ്രാന്തരായി ചാടിയതാകാമെന്നാണ് നിഗമനം.
സംഭവത്തിൽ തീവെപ്പ്, വധശ്രമം തുടങ്ങി അഞ്ച് വകുപ്പുകൾ ചുമത്തി റെയിൽവേ പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിനായി മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി.വിക്രമന്റെ നേതൃത്വത്തിൽ 18 അംഗ അന്വേഷണ സംഘവും രൂപീകരിച്ചിട്ടുണ്ട്. ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുക്കും അന്വേഷണം. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചു.
Discussion about this post