കുവൈറ്റ്: പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് പ്രവാസികൾ കൊടുത്ത കോടികൾ വെളളത്തിലായെന്നും ഇനി രാഷ്ട്രീയക്കാർക്ക് അഞ്ച് പൈസ നൽകില്ലെന്നും തുറന്നടിച്ച് പ്രവാസി വ്യവസായി കെജി എബ്രഹാം. അടച്ചിട്ട വീടുകൾക്ക് അധിക നികുതി ചുമത്തിയത് അഹങ്കാരമാണെന്നും ഇടതുപക്ഷത്തിന് വോട്ട് ചെയ്തതിൽ ഖേദിക്കുന്നുവെന്നും കെജി എബ്രഹാം പറഞ്ഞു.
പ്രവാസികളിൽ നിന്ന് സ്വരൂപിച്ച ഫണ്ട് അർഹരിൽ എത്തിയില്ല. എല്ലാം വെളളത്തിൽ ഒഴുകി പോയി. രണ്ടാമത് പിരിക്കാൻ വന്നപ്പോഴും താൻ 50 ലക്ഷം രൂപ നൽകി. പ്രളയ ദുരിതത്തിന് പിന്നാലെ രണ്ടേകാൽ കോടിയോളം രൂപ തന്റെ വില്ലേജിൽ നേരിട്ട് കൊണ്ടു കൊടുത്തു. 2500 ഉം 5000 വും ഒക്കെ നിരണം, കടപ്ര, തലവടി വില്ലേജുകളിൽ ദുരിതബാധിതർക്ക് നൽകി. അത് എവിടെയും ഒഴുകിപ്പോയില്ല. ആരും ഞങ്ങളെ പറ്റിച്ചില്ല. പക്ഷെ സർക്കാരിന് ഫണ്ട് കൊടുത്തത് വെളളത്തിലായി. കെജി എബ്രഹാം പറഞ്ഞു.
പ്രവാസികളിൽ നിന്നുളള പതിനായിരവും 20,000 വും ഒക്കെ വന്നില്ലെങ്കിൽ എങ്ങനെ കേരളം ജീവിക്കുമെന്ന് കെജി എബ്രഹാം ചോദിച്ചു. എന്നിട്ട് അവരെ ചൂഷണം ചെയ്യുക. അവർ ഒരു വീട് അവിടെ വെച്ചുപോയാൽ അതിന് അധിക നികുതി ഏർപ്പെടുത്തുക. എന്തൊരു അഹങ്കാരമാണ്. നമ്മളെയൊക്കെ ഫൂൾ ആക്കുകയാണ്. എന്നിട്ട് ഇവർ ഇവിടെ വരുവാണ് പിരിക്കാനും നമ്മളെ ഗുണപ്പെടുത്താനും അമർഷത്തോടെ കെജി എബ്രഹാം പറഞ്ഞു.
ഗൾഫുകാരെ അല്ലാതെ മറ്റാരെയും ചൂഷണം ചെയ്യാനാകില്ല. അവിടെ ചെന്ന് ഒരുചാക്ക് അരി നമ്മൾ തന്നെ ചുമന്ന് ഇറക്കാമെന്ന് വിചാരിച്ചാൽ സമ്മതിക്കില്ല. ഒരു വോട്ട് ഞാൻ ചെയ്തിട്ടുണ്ട്. അത് ഇടതുപക്ഷത്തിനാണ്. ഇപ്പോൾ ഞാൻ അവരെ പിന്തുണച്ചതിന്റെ പേരിൽ വിഡ്ഡിയാക്കപ്പെട്ടതായി തോന്നുകയാണെന്നും കെജി എബ്രഹാം വാർത്താസമ്മേളനത്തിൽ പറഞ്ഞു.












