എറണാകുളം: മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം എ കുട്ടപ്പൻ അന്തരിച്ചു. 75 വയസ്സായിരുന്നു. 2001ലെ ആന്റണി മന്ത്രിസഭയിൽ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ആയിരുന്നു അദ്ദേഹം.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അർദ്ധരാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്. 2013 ൽ അദ്ദേഹത്തിന് പക്ഷാഘാതം വന്നിരുന്നു. അന്ന് മുതൽ അദ്ദേഹം ഇതുമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്നു . ഇതിനിടെ കഴിഞ്ഞ ദിവസം ശ്വസന സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു കുട്ടപ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ബന്ധുക്കൾക്ക് കൈമാറും. ഇന്ന് വൈകീട്ടാണ് സംസ്‌കാരം. രാവിലെ 10 മുതൽ 12 വരെ എറണാകുളം ഡിസിസി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. പിന്നീട് കലൂരിലെ വസതിയിലേക്ക് കൊണ്ടുപോകും. വൈകീട്ട് നാല് മണിയോടെ പച്ചാളം ശ്മശാനത്തിലാകും മൃതദേഹം സംസ്‌കരിക്കുക.
നീണ്ട രാഷ്ട്രീയ ജീവിതത്തിനിടെ നാല് തവണയാണ് കുട്ടപ്പൻ എംഎൽഎയായിട്ടുള്ളത്. വണ്ടൂരിൽ നിന്നും ചേലക്കരയിൽ നിന്നും ഓരോതവണയും ഞാറക്കലിൽ നിന്ന് രണ്ട് തവണയുമാണ് അദ്ദേഹം വിജയിച്ചത്. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ അംഗവും കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗവുമായിരുന്നു. കെപിസിസി നിർവാഹ സമിതി അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Discussion about this post