ലക്‌നൗ: ഉത്തർപ്രദേശിൽ ക്രമസമാധാനത്തിൽ വന്ന പുരോഗതിയെ കുറിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമർശം ജനശ്രദ്ധ നേടുന്നു. മുൻ സർക്കാരുകളുടെ കാലത്ത് വിലസി നടന്നിരുന്ന ഗുണ്ടാസംഘങ്ങൾ ഇന്ന് പേടിച്ച് പാന്റിൽ മൂത്രമൊഴിക്കുകയാണെന്നാണ് യോഗി ആദിത്യനാഥിന്റെ പരാമർശം.
നേരത്തെ ക്രമസമാധാനത്തോട് അൽപ്പം പോലും ബഹുമാനം കാണിക്കാതിരുന്നവർ ഇന്ന് ജീവനും കൊണ്ട് ഓടുന്നത് ജനങ്ങൾ കാണുന്നു. കോടതി ശിക്ഷിക്കുമ്പോൾ അവരുടെ പാന്റ് നനയുന്നത് കാണാമെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
മുൻപ് മാഫിയ ആളുകളെ ഭയപ്പെടുത്തി, വ്യവസായികളെ ഭീഷണിപ്പെടുത്തി,അവരെ തട്ടിക്കൊണ്ട് പോയി, എന്നാലിന്ന് അവർ പേടിച്ച് ജീവനും കൊണ്ട് ഓടുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
2006ലെ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഗുണ്ടാ-രാഷ്ട്രീയ പ്രവർത്തകൻ അതിഖ് അഹമ്മദിനെയും മറ്റ് രണ്ട് പേരെയും കോടതി കുറ്റക്കാരായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ ഈ പരാമർശങ്ങൾ. നൂറിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അതിഖ് അഹമ്മദ് ആദ്യമായാണ് ഒരു കേസിൽ ശിക്ഷിക്കപ്പെടുന്നത്.
Discussion about this post