കൊച്ചി: കേരളം ഏറെ ചർച്ച ചെയ്യപ്പെട്ട കഥാപാത്രമാണ് ലാൽ ജോസിന്റെ അറബിക്കഥയിൽ ശ്രീനിവാസൻ അവിസ്മരണീയമാക്കിയ സഖാവ് ക്യൂബാ മുകുന്ദൻ എന്ന കഥാപാത്രം. നാട്ടിൽ കമ്യൂണിസ്റ്റ് ആശയങ്ങളിൽ അടിയുറച്ച് ജീവിച്ച മുകുന്ദൻ ജോലി തേടി ഗൾഫിലെത്താൻ നിർബന്ധിതമാകുന്നതും തുടർന്ന് അവിടുത്തെ തൊഴിൽപ്രശ്‌നങ്ങളിൽ ഇടപെടാൻ ശ്രമിക്കുന്നതുമൊക്കെ പ്രേക്ഷക മനസിൽ ഇനിയും മായാതെ കിടക്കുകയാണ്. ഇടത് രാഷ്ട്രീയത്തിന്റെ കാലഹരണപ്പെട്ട ആശയങ്ങളെ ഏറെ വിമർശന വിധേയമാക്കിയ കഥാപാത്രമായിരുന്നു അത്. ക്യൂബാ മുകുന്ദന് ശേഷം ഇപ്പോൾ മറ്റൊരു കഥാപാത്രം കൂടി അഭ്രപാളികളിലൂടെ ഇടത് രാഷ്ട്രീയത്തിന്റെ കഥ പറഞ്ഞ് എത്തുകയാണ്.
സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും ഒരുമിക്കുന്ന ഹിഗ്വിറ്റയെന്ന സിനിമയാണ് പന്ന്യന്നൂർ മുകുന്ദൻ എന്ന കഥാപാത്രവുമായി രംഗത്തെത്തുന്നത്. പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായിട്ടാണ് ഹിഗ്വിറ്റ തിയറ്ററിലെത്തുന്നത്. ഇതിന്റെ സൂചനകൾ നൽകുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലറും. കണ്ണൂർ രാഷ്ട്രീയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
ഹിഗ്വിറ്റയെന്ന പേരുകൊണ്ടു തന്നെ ആദ്യം മുതൽ ചിത്രം ചർച്ചയായിരുന്നു. തന്റെ കഥയുടെ പേരാണ് സിനിമയ്ക്ക് ഉപയോഗിച്ചിരിക്കുന്നതെന്നും പേര് മാറ്റണമെന്നും ആവശ്യപ്പെട്ട് എൻഎസ് മാധവൻ രംഗത്തെത്തിയതോടെ വിവാദവും ചൂടുപിടിച്ചിരുന്നു. എന്നാൽ പേരിന് മാറ്റമില്ലാതെ തന്നെയാണ് ചിത്രം തിയറ്ററിലെത്തുന്നത്. മാർച്ച് 31 നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
കണ്ണൂരിലെ അക്രമ രാഷ്ട്രീയവും ചിത്രത്തിൽ വിഷയമാണെന്ന സൂചനകളാണ് ട്രെയിലർ നൽകുന്നത്. ആളും മൈതാനവും മൈക്കും വെച്ചല്ല ഒരു പ്രശ്‌നം തീർക്കേണ്ടതെന്നും അതിന് അതിന്റേതായ രീതിയുണ്ടെന്നുമുളള സുരാജ് വെഞ്ഞാറമ്മൂടിന്റെ കഥാപാത്രം പറയുന്ന ഡയലോഗ് കണ്ണൂർ രാഷ്ട്രീയത്തിലെ ഉളളുകളികളാണ് ചിത്രം ചർച്ച ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നു. സുരാജിനൊപ്പം ശ്രദ്ധേയവേഷമാണ് ധ്യാൻ ശ്രീനിവാസന്. മനോജ് കെ ജയൻ, ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
നവാഗതനായ ഹേമന്ദ് ജി നായർ ആണ് കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ബോബി തര്യൻ, സജിത് അമ്മ എന്നിവരാണ് നിർമാതാക്കൾ. ഛായാഗ്രഹണം ഫാസിൽ നാസറും എഡിറ്റിങ്ങ് പ്രസീദ് നാരായണനുമാണ് നിർവഹിച്ചത്. സംഗീതം രാഹുൽ രാജ്. പശ്ചാത്തല സംഗീതം ഡോൺ വിൻസന്റും നിർവഹിക്കുന്നു. സെക്കൻഡ് ഹാഫ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം തിയറ്ററിലെത്തുന്നത്. കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസും ജി.സി.സിയിൽ പാർസ് ഫിലിംസുമാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
Discussion about this post