തിരുവനന്തപുരം: നോവലിന്റെ പേര് ഉപയോഗിച്ചതിനെ തുടർന്ന് വിവാദത്തിലായ ചിത്രം ‘ഹിഗ്വിറ്റ’യുടെ റിലീസ് ഈ മാസം. മാർച്ച് 31 ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ചിത്രമാണ് ഹിഗ്വിറ്റ.
സിനിമയുടെ സെൻസറിംഗ് പൂർത്തിയായിട്ടുണ്ട്. ഇതേ തുടർന്നായിരുന്നു സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചത്. സംസ്ഥാനത്തുടനീളം 120 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുക. ഹേമന്ത് ജി നായരാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹം തന്നെയാണ്. സിനിമയിൽ രാഷ്ട്രീയക്കാരന്റെ വേഷത്തിലണ് സുരാജ് വെഞ്ഞാറമ്മൂട് എത്തുന്നത്. ഇടത് സഹയാത്രികനായ യുവാവിന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും എത്തുന്നു.
ബോബി തര്യൻ, സജിത് അമ്മ എന്നിവർ സെക്കന്റ് ഹാഫ് പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് മാംഗോസ് എൻ കോക്കനട്ട് സിസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രമാണ് ഹിഗ്വിറ്റ. ഫാസിൽ നാസറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
വിനായക് ശശികുമാർ ,ധന്യാ നിഖിൽ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ് ഈണം പകർന്നിരിക്കുന്നു. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിനീത് കുമാർ, മാമുക്കോയ, അബു സലിം , ശിവദാസ് കണ്ണൂർ, ജ്യോതി കണ്ണൂർ, ശിവദാസ് മട്ടന്നൂർ, എന്നിവരും വൻ പുതുമുഖ താര നിരയും ചിത്രത്തിലുണ്ട്.
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ ഹിഗ്വിറ്റ നോവലിന്റെ രചയിതാവ് എൻ എസ് മാധവൻ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരുന്നു. ചിത്രത്തിന്റെ പേര് തന്റെ നോവലിന്റേത് ആണെന്നും മാറ്റണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. പേര് മാറ്റണമെന്ന് ഫിലിം ചേംബറും സംവിധായകനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നോവലിന് സിനിമയുമായി ബന്ധമില്ലെന്നും അതിനാൽ പേര് മാറ്റാൻ കഴിയില്ലെന്നുമായിരുന്നു സംവിധായകന്റെ നിലപാട്.
Discussion about this post