തിരുവനന്തപുരം: അഹോരാത്രം ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കാനാവശ്യമായ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള ആശുപത്രി സംരക്ഷണ ഭേദഗതി ഓർഡിനൻസ് ഇന്ന് മന്ത്രിസഭ പരിഗണിക്കും. ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും ഉപദ്രവിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി ഉറപ്പാക്കുന്നതാണ് ഭേദഗതികൾ.
ആരോഗ്യ പ്രവർത്തകരെ കൈയേറ്റം ചെയ്യുകയോ അസഭ്യം പറയുകയോ ചെയ്താൽ പരമാവധി ശിക്ഷയുറപ്പിക്കാനുള്ള നിർദേശങ്ങളടങ്ങുന്നതാകും ഓർഡിനൻസ്. നിലവിൽ മൂന്നു വർഷം തടവും അരലക്ഷം രൂപയുമാണ് ശിക്ഷ. ഇത് വർധിപ്പിച്ചേക്കും.2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) നിയമം കൂടുതൽ ശക്തമാക്കും. ആശുപത്രി അക്രമണങ്ങളിൽ ശിക്ഷ ആറ് മാസം മുതൽ ഏഴ് വർഷം വരെ തടവാക്കി ഉയർത്തുകയും വാക്കുകൾ കൊണ്ടുള്ള അസഭ്യവും അധിക്ഷേപവും ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെടുത്തിയുമാകും ഓർഡിനൻസ് തയാറാക്കുന്നതെന്നാണ് സൂചന.
ഡോക്ടർമാരും ആരോഗ്യ- ആഭ്യന്തര വകുപ്പുകളും മുന്നോട്ടുവച്ച നിർദേശങ്ങൾ ഉൾക്കൊള്ളിച്ചാണ് ഓർഡിനൻസ് തയാറാക്കുന്നത്. ജോലിയെടുക്കുന്നതിന് തടസ്സമുണ്ടാക്കൽ, ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെയും മറ്റുമുള്ള അപകീർത്തിപ്പെടുത്തൽ, ആശുപത്രിയിലെ ഏതെങ്കിലും വസ്തുവിന് നഷ്ടം വരുത്തൽ എന്നിവ ആക്രമണമായി കൂട്ടിച്ചേർക്കണമെന്ന് ഐഎംഎ നിർദേശിച്ചിരുന്നു. അക്രമികൾക്കെതിരെ ജാമ്യമില്ലാത്ത വകുപ്പനുസരിച്ച് കേസെടുക്കണം.
ഒരു മണിക്കൂറിനുള്ളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണം, ആക്രമണമുണ്ടായാൽ അടുത്തുള്ള സ്റ്റേഷനിൽ അറിയിക്കണം, സുരക്ഷയുറപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി, വിചാരണ ആറു മാസത്തിൽ പൂർത്തിയാക്കണം, എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളും ചുറ്റുമുള്ള 500 മീറ്റർ പ്രദേശവും പ്രത്യേക സംരക്ഷണമേഖലയായി പരിഗണിക്കണം, മുൻകരുതലും പ്രതിരോധ നടപടികളും സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടർമാരുടെ സംഘടനകൾ മുന്നോട്ടുവച്ചിരിക്കുന്നത്. ഇതടക്കം പരിഗണിച്ചാകും ഓർഡിനൻസ്.
Discussion about this post